പത്ത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് നടി ജിയ ഖാൻ ആത്മഹത്യ ചെയ്ത കേസിൽ സൂരജ് പഞ്ചോളിയെ സി.ബി.ഐ പ്രത്യേക കോടതി കുറ്റവിമുക്തനാക്കിയത്. ജിയ ജീവനൊടുക്കാൻ കാരണം സൂരജ് ആണെന്നുള്ള നടിയുടെ അമ്മയുടെ പരാതിയിലാണ് നടനെതിരെ കേസ് എടുത്തത്. ഏകദേശം 22 സാക്ഷികളെ വിസ്തരിച്ചെങ്കിലും നടിയുടെ മരണത്തിൽ സൂരജിന്റെ പങ്ക് തെളിക്കാൻ പ്രൊസിക്യൂഷന് ആയില്ല.
സാധാരണ ജീവിതത്തിലേക്ക് തിരികെ എത്താൻ തയാറെടുക്കുകയാണ് സൂരജ്. ജിയ ഖാന്റെ ജീവിതത്തിലെ മോശമായ സമയത്തു കൂടെ നിന്നിരുന്നത് താൻ മാത്രമായിരുന്നെന്ന് സൂരജ്. സി.ബി.ഐ കോടതി കേസിൽ കുറ്റവിമുക്തനാക്കിയതിന് ശേഷം നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. നടിക്ക് വിഷാദരോഗമുണ്ടായിരുന്നെന്നും ആ സമയം വീട്ടികാർ ജിയയെ ശ്രദ്ധിച്ചില്ലെന്നും നടൻ വ്യക്തമാക്കി.
‘ജിയയുടെ ഏറ്റവും മോശം സമയത്ത് ഞാൻ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അവളുടെ കുടുംബം ഇപ്പോൾ നീതിക്കായി ഓടുകയാണ്, പക്ഷേ അവർ എന്ത് നീതിയെക്കുറിച്ചാണ് സംസാരിക്കുന്നത്, കാരണം മകൾക്ക് ആവശ്യമുള്ള സമയത്ത് അവർ ഒരിക്കലും കൂടെയുണ്ടായിരുന്നില്ല. ജിയയുടെ വിഷാദരോഗത്തെ കുറിച്ച് അവരുടെ വീട്ടുകാരെ അറിയിച്ചിരുന്നു, ആ സമയത്ത് അവളോടൊപ്പം ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ -സൂരജ് പറഞ്ഞു.
എനിക്ക് അന്ന് 20 വയസായിരുന്നു പ്രായം. ആ സമയത്ത് എന്നെത്തന്നെ ശ്രദ്ധിക്കാൻ എനിക്ക് അറിയില്ലായിരുന്നു. എന്നിട്ടും എന്നെക്കാൾ മുതിർന്ന ജിയയെ പരമാവധി നോക്കി. അവസാനം, എന്നെ ആവശ്യമില്ലാതെയായി. കുടുംബത്തിന് പ്രാധാന്യം നൽകി. അവളുടെ വീട്ടുകാർക്ക് അവളുടെ പണം മാത്രമായിരുന്നു’- താരം കൂട്ടിച്ചേർത്തു.