ഹൈദരാബാദ്∙ ബുധനാഴ്ച രാത്രി ഗോവ – ഹൈദരാബാദ് സ്പൈസ്ജെറ്റ് വിമാനത്തിന്റെ കോക്പിറ്റിലും ക്യാബിനിലും പുക ഉയർന്നു. വിമാനം ഹൈദരാബാദ് വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു. സംഭവത്തിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കോക്പിറ്റ്, ക്യാബിൻ എന്നിവിടങ്ങളിൽനിന്ന് പുക ഉയരുന്നതിന്റെ വിഡിയോ യാത്രക്കാർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
സ്പൈസ്ജെറ്റിന്റെ ക്യു400 വിമാനത്തിൽ 86 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വിമാനം നിലത്തിറങ്ങിയ ഉടൻതന്നെ എമർജൻസി എക്സിറ്റ് വഴി യാത്രക്കാരെ ഒഴിപ്പിച്ചു. വിമാനത്തില്‍നിന്ന് ധൃതിയിൽ ഇറങ്ങവെ ഒരു യാത്രക്കാരന് നിസാര പരുക്കേറ്റു. രാത്രി 11 മണിക്കായിരുന്നു സംഭവം. ആ സമയം ഒൻപതു വിമാനങ്ങൾ വഴിതിരിച്ചുവിട്ടെന്ന് ഹൈദരാബാദ് വിമാനത്താവള ഉദ്യോഗസ്ഥർ അറിയിച്ചു.
അതിനിടെ, സ്പൈസ്ജെറ്റ് വിമാനക്കമ്പനിയുടെ പകുതി സർവീസുകൾക്ക് ഡിജിസിഎ ഏർപ്പെടുത്തിയ വിലക്ക് ഒക്ടോബർ 29 വരെ നീട്ടിയിട്ടുണ്ട്. അടിക്കടിയുള്ള സാങ്കേതികത്തകരാറുകളും സുരക്ഷാ പ്രശ്നങ്ങളും കണ്ടെത്തിയ സാഹചര്യത്തിലാണ് ജൂലൈ 27ന് 8 ആഴ്ച നീണ്ടു നിൽക്കുന്ന വിലക്ക് ഏർപ്പെടുത്തിയത്. ഏപ്രിൽ 1 മുതൽ ജൂലൈ 5 വരെ 8 സാങ്കേതികത്തകരാറുകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഡിജിസിഎ കമ്പനിക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. ഇതിന്റെ മറുപടി ലഭിച്ച ശേഷമാണ് വിലക്ക് ഏർപ്പെടുത്തിയത്.