തിരുവനന്തപുരം> ശ്രുതിതരംഗം പദ്ധതിയിലുൾപ്പെട്ട 457 കുട്ടികളിൽ 216 പേരുടെ ഉപകരണങ്ങളുടെ മെയിന്റനൻസ് നടത്തിയതായി മന്ത്രി വീണാ ജോർജ്. 109 പേരുടെ ഉപകരണങ്ങളുടെ മെയിന്റനൻസ് ഉടൻ പൂർത്തിയാക്കും. ബാക്കിയുള്ളവരുടെ ഉപകരണങ്ങളുടെ മെയിന്റനൻസിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു. കോക്ലിയർ ഇംപ്ലാന്റേഷന് വേണ്ടി ടെക്നിക്കൽ കമ്മിറ്റി ആദ്യ ഘട്ടത്തിൽ അംഗീകാരം നൽകിയ 44 കുട്ടികളിൽ 23 പേരുടെ ശസ്ത്രക്രിയകൾ പൂർത്തിയായി. ബാക്കിയുള്ളവരുടെ ശസ്ത്രക്രിയയ്ക്കുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഉപകരണങ്ങളുടെ പ്രോസസർ അപ്ഗ്രഡേഷന് വേണ്ടിയുള്ള 117 കുട്ടികളിൽ 79 പേരുടെ പ്രോസസർ അപ്ഗ്രഡേഷന് വേണ്ടിയുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. എത്രയും വേഗം ബാക്കിയുള്ളവരുടെ ഉപകരണങ്ങളുടെയും പ്രോസസർ അപ്ഗ്രഡേഷൻ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
ശ്രുതിതരംഗം പദ്ധതിയിലുൾപ്പെട്ട കോഴിക്കോട് മെഡിക്കൽ കോളേജിലെ മുഴുവൻ കുട്ടികളുടെയും ഉപകരണങ്ങളുടെ മെയിന്റനൻസ് നടത്തി. 68 കുട്ടികൾക്ക് ശ്രുതിതരംഗം മെയിന്റനൻസ് സ്‌കീമിൽ ഉൾപ്പെടുത്തിയാണ് പാർട്‌സുകൾ മാറ്റിയത്. 32 കുട്ടികൾക്ക് മെഡൽ കമ്പനിയുടെ പാർട്‌സുകളും 36 കുട്ടികൾക്ക് കോക്ലിയർ കമ്പനിയുടെ പാർട്‌സുകളുമാണ് മാറ്റി നൽകിയത്. ഉപകരണങ്ങളുടെ അപ്ഗ്രഡേഷൻ ഈ ആഴ്ച ആരംഭിക്കുന്നതാണ്.
ശ്രവണ വൈകല്യം നേരിടുന്ന അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കോക്ലിയർ ഇംപ്ലാന്റേഷനും അനുബന്ധ സേവനങ്ങളും സൗജന്യമായി ഉറപ്പാക്കുന്ന സർക്കാർ പദ്ധതിയാണ് ശ്രുതിതരംഗം. നിലവിൽ ആരോഗ്യ വകുപ്പിന് കീഴിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്കാണ് പദ്ധതിയുടെ നിർവഹണ ചുമതല. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജുകൾ വഴിയും എംപാനൽ ചെയ്ത ആറ് ആശുപത്രിയിലൂടെയും സൗജന്യ സേവനം ലഭ്യമാകും.