കൊച്ചി : തിരുനാവായ വൈരംകോട് ഭഗവതി ക്ഷേത്രത്തിൽ സി.പി.എം, എ.ഐ.വൈ.എഫ് നേതാക്കളെ പാരമ്പര്യേതര ട്രസ്റ്റികളായി നിയമിച്ച നടപടി ഹൈകോടതി സ്റ്റേ ചെയ്തു. എ.ഐ.വൈ.എഫ് തിരൂർ മണ്ഡലം സെക്രട്ടറി പി.കെ. ബാബു, സി.പി.എം നേതാവ് കെ.എസ്. ദിലീപ് എന്നിവരെ നിയമിച്ച മലബാർ ദേവസ്വം ബോർഡ് കമ്മീഷണറുടെ ഉത്തരവിനാണ് സ്റ്റേ. ഇരുവരും ഒരു മാസത്തേക്ക് ക്ഷേത്രഭരണത്തിൽ ഇടപെടരുതെന്നും നിർദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഒരു മാസത്തേക്കാണ് സ്റ്റേ ചെയ്തിരിക്കുന്നത്. തിരൂർ സ്വദേശി എം. മുരളീധരൻ നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. രാഷ്ട്രീയ പ്രവർത്തകരെ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ പാരമ്പര്യേതര ട്രസ്റ്റികളായി നിയമിക്കരുതെന്ന ഹൈകോടതി ഉത്തരവിന് വിരുദ്ധമായി ഇവരെ നിയമിച്ചത് ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചത്. ഹർജി വീണ്ടും നവംബർ 27ന് പരിഗണിക്കും.