ദില്ലി: കോവിഡ് ബാധിച്ചുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനം ശക്തിപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് കേരളത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്ത് അയച്ചു. അതത് ദിവസത്തെ മരണം, പിന്നീട് കൂട്ടി ചേർത്ത മരണം എന്നിവ പ്രത്യേകം തിയതി സഹിതം രേഖപ്പെടുത്തി നൽകണം എന്നാണ് ആവശ്യപ്പെട്ടത്. മരണങ്ങൾ വൈകി കൂട്ടി ചേർക്കുന്നതും റിപ്പോർട്ട് ചെയ്യുന്നതും മരണ സംഖ്യ കൂടുന്നുവെന്ന തെറ്റായ ചിത്രം നൽകുന്നുവെന്ന് കേന്ദ്ര സർക്കാർ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തരമായി ഇടപെടണം എന്നാണ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രെറ്ററിക്ക് നിർദേശം നൽകിയത്.
കേന്ദ്രത്തിന്റെ കത്തിന് കേരളം മറുപടി നൽകി. ജൂലൈയിൽ രാജ്യത്തുണ്ടായ 441 മരണത്തിൽ 117 എണ്ണം കേരളത്തിൽ നേരത്തെ ഉണ്ടായതും പിന്നീട് കൂട്ടി ചേർത്തതും ആണെന്ന് കത്തിൽ കേരളത്തിലെ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വ്യക്തമാക്കി. മരണങ്ങൾ പരിശോധിച്ചു സ്ഥിരീകരിക്കാൻ എടുക്കുന്ന പ്രക്രിയയിലെ സ്വാഭാവിക വൈകൽ മാത്രമാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വൈകാൻ കാരണമെന്നും കേരളം വ്യക്തമാക്കി.