തൃശൂര്‍: മുന്നറിയിപ്പില്ലാതെയുള്ള സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക് ജനങ്ങളെ വലച്ചു. സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊടുങ്ങല്ലൂര്‍ – തൃശൂര്‍ റൂട്ടില്‍ സ്വകാര്യ ബസ് തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്. ഇന്നലെ രാവിലെ എട്ടിന് തുടങ്ങിയ പണിമുടക്ക് ജോലിക്ക് പോകുന്നവരേയും വിദ്യാര്‍ഥികളേയും വലച്ചു. പരീക്ഷകള്‍ നടക്കുന്ന സമയമായതിനാല്‍ വിദ്യാര്‍ഥികളില്‍ പലരും ഇരുചക്ര വാഹനങ്ങളില്‍ കയറിയും ഓട്ടോറിക്ഷകളിലുമാണ് സ്‌കൂളുകളിലെത്തിയത്.
കണിമംഗലം റോഡ് പണി നടക്കുന്നതിനാല്‍ റൂട്ടില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതുമൂലം കണിമംഗലം പാലത്തില്‍ നിന്ന് വലത്തോട്ടു തിരിഞ്ഞ് ചിയ്യാരം വഴിക്കാണ് ബസുകള്‍ സര്‍വീസ് നടത്തിയിരുന്നത്. അതിനാലുണ്ടാകുന്ന സമയനഷ്ടം പരിഹരിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍പ്പ് സിഐയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ധാരണയായിരുന്നു. ശക്തന്‍ സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെടുന്ന ബസുകള്‍ മൂന്ന് മിനിറ്റ് മുമ്പ് പുറപ്പെട്ട് സര്‍വീസ് നടത്തി സമയനഷ്ടം പരിഹരിക്കണമെന്നായിരുന്നു ധാരണ.
എന്നാല്‍ ഇപ്രകാരം സര്‍വീസ് നടത്താന്‍ ചില ബസ് തൊഴിലാളികള്‍ തയാറായില്ല. ഇതാണ് മിന്നല്‍ പണിമുടക്കിലേക്ക് നയിച്ചത്. പണിമുടക്കിനെ തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്റ്റാന്‍ഡിലെത്തി തൊഴിലാളികളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. ബസുടമകള്‍ സര്‍വീസ് നടത്താന്‍ സമ്മതിച്ചെങ്കിലും തൊഴിലാളികള്‍ തയാറായില്ല. നേരത്തെ സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെടുമ്പോള്‍ പല ബസുകള്‍ക്കും ഉള്‍പ്രദേശങ്ങളില്‍നിന്നുള്ള ബസുകളിലെത്തി തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ട് ബസുകളില്‍ കയറുന്നയാളുകളെ നഷ്ടപ്പെടുന്നുവെന്നാണ് ഒരു കൂട്ടം ബസ് തൊഴിലാളികളുടെ ആരോപണം. നേരത്തെ സ്റ്റാന്‍ഡില്‍നിന്നു പുറപ്പെടാതിരുന്നാല്‍ സമയക്രമം പാലിക്കാന്‍ അമിതവേഗത്തില്‍ ബസ് ഓടിക്കേണ്ടിവരുമെന്നും ഇതപകടത്തിനും പൊലീസ് നടപടികള്‍ക്കും ഇടയാക്കുമെന്നുമാണ് മറുപക്ഷം ആരോപിക്കുന്നത്.
യാത്രാക്ലേശം പരിഹരിക്കാന്‍ പൊലീസ് ഇടപെട്ട് കെഎസ്ആര്‍ടിസി ബസുകള്‍ ശക്തന്‍ സ്റ്റാന്‍ഡില്‍നിന്ന് സര്‍വീസ് നടത്തി. ശക്തന്‍, കൊടുങ്ങല്ലൂര്‍ സ്റ്റാന്‍ഡുകളില്‍ ബസ് കയറാനെത്തിയവര്‍ പണിമുടക്കിനെ തുടര്‍ന്ന് വലഞ്ഞു. കാര്യമറിയാതെ രാവിലെ നിരവധിയാളുകളാണ് ഈ റൂട്ടിലെ ബസ് സ്റ്റോപ്പുകളില്‍ കാത്തുനിന്നിരുന്നത്. ചേര്‍പ്പ് ഭാഗത്തുനിന്നുള്ളവര്‍ക്ക് തൃപ്രയാര്‍ ബസുകള്‍ സര്‍വീസ് നടത്തിയത് തുണയായി. ഇതുമൂലം ഈ റൂട്ടിലൂടെ മറ്റു സ്ഥലങ്ങളിലേക്കു തിരിഞ്ഞുപോകുന്ന ബസുകളില്‍ വന്‍തിരക്ക് അനുഭവപ്പെട്ടു. ഒടുവില്‍ പണിമുടക്ക് പ്രശ്‌നം പരിഹരിക്കാന്‍ ഇന്നലെ ഉച്ചതിരിഞ്ഞു രണ്ടിന് ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ബസ് തൊഴിലാളികളുടെ യോഗം വിളിച്ചു. ചര്‍ച്ചയെ തുടര്‍ന്ന് പണിമുടക്ക് പിന്‍വലിക്കാന്‍ തീരുമാനിച്ചു. ഇതോടെയാണ് മണിക്കൂറുകള്‍ നീണ്ട യാത്രാക്ലേശത്തിന് പരിഹാരമായത്.