തിരുവനന്തപുരം: അണ്‍ എയ്ഡഡ്, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ 30 ശതമാനമാക്കിയ കെഎസ്ആര്‍ടിസി തീരുമാനത്തിന് ഒരു മാസത്തേക്ക് സ്റ്റേ. 2023 ഫെബ്രുവരി 27ന് കെഎസ്ആര്‍ടിസി എംഡി നല്‍കിയ മെമോറാണ്ടത്തിലെ ഈ വ്യവസ്ഥക്കെതിരെ കേരള സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷനും രണ്ടു വിദ്യാര്‍ഥികളും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് 30 ശതമാനം കണ്‍സഷന്‍ മാത്രമേ അനുവദിക്കൂവെന്നാണ് കെഎസ്ആര്‍ടിസിയുടെ മെമോറാണ്ടത്തിലെ നാലാമത്തെ വ്യവസ്ഥയില്‍ പറയുന്നത്. ബാക്കി തുകയില്‍ 35 ശതമാനം മാനേജ്മെന്റിന് വഹിക്കാനാവുമെന്നും വ്യക്തമാക്കിയിരുന്നു. ഈ വ്യവസ്ഥ ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. 25 വയസിന് മുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഇനി കണ്‍സഷന്‍ നല്‍കില്ലെന്ന് മാനേജ്‌മെന്റ് തീരുമാനമെടുത്തിരുന്നു. കോര്‍പ്പറേഷന്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് പുതിയ തീരുമാനം നടപ്പാക്കാന്‍ ഒരുങ്ങുന്നതെന്നായിരുന്നു മാനേജ്‌മെന്റിന്റെ വിശദീകരണം. കെഎസ്ആര്‍ടിസി മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിഎംഡി ബിജു പ്രഭാകര്‍ സര്‍ക്കാരിന് കത്തയച്ചിരുന്നു. ഇതില്‍ കണ്‍സഷന്‍ 30 ശതമാനമാക്കിയ തീരുമാനത്തിന് മാത്രമാണ് സ്റ്റേ.