തിരുവനന്തപുരം> ഭരണഘടനാ തത്വങ്ങളും മതേതരത്വവും ജനാധിപത്യ മൂല്യങ്ങളും പുതുതലമുറകളിൽ ശക്തമാക്കുന്നതിന് 140 നിയമസഭാ മണ്ഡലങ്ങളിലും വിദ്യാർഥി സഭകൾ സംഘടിപ്പിക്കുമെന്നും മന്ത്രി കെ രാധാകൃഷ്‌ണൻ നിയമസഭയിൽ അറിയിച്ചു. എസ്‌സി– എസ്‌ടി വിദ്യാർഥികൾക്കായി നടപ്പാക്കുന്ന ട്രേസ് പദ്ധതി പ്രകാരം 425 പേർ വിദേശ സർവകലാശാലകളിൽ പഠനം നടത്തുന്നുണ്ട്.പട്ടികജാതിവിദ്യാർഥികളെ സ്കൂളുകളിലെത്തിക്കുന്ന ഗോത്രസാരഥി പദ്ധതിക്ക് കഴിഞ്ഞ വർഷം 29 കോടി അനുവദിച്ചു. പദ്ധതി ഇപ്പോൾ പേരുമാറ്റി വിദ്യാവാഹിനി എന്നാക്കി വകുപ്പ് നേരിട്ട് നടപ്പാക്കുന്നുണ്ട്. കുറച്ചു കുട്ടികൾക്കായി കൂടുതൽ തുക ചെലവിടേണ്ട സ്ഥിതിയുണ്ട്. ഈ വർഷം മുതൽ ആവശ്യമുള്ള കുട്ടികൾക്കുമാത്രം വാഹന സഹായം നൽകിയാൽ മതിയെന്ന് തീരുമാനിച്ചിട്ടുണ്ട്. എവിടെയെങ്കിലും പരാതിയുണ്ടെങ്കിൽ പരിഹരിക്കും.ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന ഒബിസി, ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്പ് കേന്ദ്ര സർക്കാർ നിർത്തലാക്കി. ഈ സാഹചര്യത്തിൽ ഈ വിദ്യാർഥികൾക്ക് സംസ്ഥാനം സ്കോളർഷിപ്പ് നൽകും. ബജറ്റിൽ അതിനു തുക വകയിരുത്തിയിട്ടുണ്ട്. പട്ടികജാതി വർഗ വിദ്യാർഥികൾക്കുള്ള ഐടിഐകളിൽ ആധുനിക കോഴ്സുകൾ കൂടി അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.