പാറശ്ശാല: മാരായമുട്ടം മരുതത്തൂരില്‍ സ്വകാര്യ കെയര്‍ ഹോമില്‍ കോളറ ബാധിച്ച് വിദ്യാർഥി മരിച്ചു. വിതുര തൊളിക്കോട് മലയടി മുളമൂട്ടില്‍ വീട്ടില്‍ അനില്‍കുമാറിന്റെയും ഷീല ദമ്പതികളുടെ രണ്ടാമത്തെ മകന്‍ അനു (26) മരിച്ചത്. കെയര്‍ ഹോമിലെ വൊക്കേഷണല്‍ ഡിവിഷനിൽ ഒന്നാം വര്‍ഷ വിദ്യാർഥിയായിരുന്നു അനു.
കഴിഞ്ഞ നാലാം തീയതി രാത്രി ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടിരുന്നു. അഞ്ചാം തീയതി പുലര്‍ച്ചെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തിലും പരിശോധനയിലുമാണ് മരണകാരണം കോളറയാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് സ്ഥാപനത്തിലെ 12 വിദ്യാർഥികളെ നിരീക്ഷണത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ആദ്യം ഭക്ഷ്യ വിഷബാധയെന്നാണ് കെയര്‍ ഹോമിലുള്ളവര്‍ സംശയിച്ചത്. രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ പെരുമ്പഴുതൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസര്‍ സ്ഥലത്തെത്തി വേണ്ട ക്രമീകരണങ്ങള്‍ നടത്തി. ഉറവിടം കണ്ടെത്താനായി വെള്ളം ഉള്‍പ്പെടെയുള്ള സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
പ്രദേശത്ത് കോളറ പടരാതിരിക്കാൻ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ സ്ഥലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.