ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്നപ്പോൾ താൻ രാഹുൽ ഗാന്ധിയാണെന്ന് ഒരു സ്‌കൂൾ വിദ്യാർഥി തെറ്റിദ്ധരിച്ച സംഭവം ഓർത്തെടുത്ത് സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. സംസ്ഥാന ബജറ്റിനെ കുറിച്ചുള്ള നിയമസഭാ ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അഖിലേഷ്. ‘ഒരിക്കൽ ഒരു പ്രൈമറി സ്‌കൂളിൽ പോയപ്പോൾ അവിടെ പഠിച്ച ഒരു വിദ്യാർഥി എന്നെ തിരിച്ചറിഞ്ഞില്ല. ഞാൻ ആരാണെന്ന് അറിയുമോ എന്ന് ഞാൻ ആ കുട്ടിയോട് ചോദിച്ചു. രാഹുൽ ഗാന്ധിയല്ലേ എന്നാണ് കുട്ടി നൽകിയ മറുപടി. രാജ്യത്തിന് നിരവധി പ്രധാനമന്ത്രിമാരെ സമ്മാനിച്ച സംസ്ഥാനമാണ് ഉത്തർപ്രദേശ്. എന്നാൽ വിദ്യാഭ്യാസ സൂചികയിൽ പിന്നിൽ നിന്ന് നാലാം സ്ഥാനത്താണ് സംസ്ഥാനം നിലകൊള്ളുന്നത്.’-അഖിലേഷ് പറഞ്ഞു.
അഖിലേഷിന്റെ പ്രസ്താവന കേട്ട സഭാംഗങ്ങൾ പൊട്ടിച്ചിരിച്ചപ്പോൾ സമാജ്‌വാദി പാർട്ടി പ്രസിഡന്റ് ഇങ്ങനെ അഭിപ്രായപ്പെട്ടു. ‘സംസ്ഥാനത്തിന്റെ വിദ്യാഭ്യാസത്തിന്റെ ഗുണച്ചോർച്ചയിൽ അവർക്ക് ദുഃഖമില്ല. ഒരു കോൺഗ്രസ് നേതാവിനെ പരാമർശിച്ചതാണ് അവർക്ക് വലിയ കാര്യം’. 2012 മുതൽ 2017 വരെയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി അഖിലേഷ് അധികാരത്തിലിരുന്നത്.