പത്തനംതിട്ട : മെഡിക്കല്‍ കോഴ്സിന് അലോട്ട്മെന്റ് കിട്ടിയ വിദ്യാര്‍ത്ഥികള്‍ ത്രിശങ്കുവില്‍. എന്‍ട്രന്‍സ് കമ്മീഷണറുടെ മുന്‍ ഉത്തരവാണ് ഇവര്‍ക്ക് വിനയായിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ എന്‍ട്രന്‍സ് പരീക്ഷകളും അലോട്ട്മെന്റുകളും ഒരേ കാലയളവിലായിരുന്നു നടന്നത്. എന്നാല്‍ ഇപ്രാവശ്യം മെഡിക്കല്‍ എന്ട്രന്‍സ് പരീക്ഷ കഴിഞ്ഞ് രണ്ടുമാസത്തെ കാലതാമസം വരുത്തിയതിനു ശേഷമാണ് അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഇതിനിടയില്‍ വിദ്യാര്‍ത്ഥികള്‍ മറ്റു കോഴ്സുകളില്‍ ചേര്‍ന്നു, ഇവരാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്.
മെഡിക്കല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നത് അനിശ്ചിതമായി നീണ്ടപ്പോള്‍ വിവിധ എന്‍ജിനിയറിങ് കോഴ്സുകളിലും മറ്റുചിലര്‍ ഫാര്‍മസി കോഴ്സുകളിലും ചേര്‍ന്നു. മെഡിക്കല്‍ അലോട്ട്മെന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ തങ്ങളുടെ ഒരുവര്‍ഷം നഷ്ടമാകരുത് എന്നുകരുതിയാണ് മനസ്സില്ലാമനസ്സോടെ വിദ്യാര്‍ത്ഥികള്‍ മറ്റ് കോഴ്സുകളില്‍ ചേര്‍ന്നത്. ഈ കോഴ്സുകളില്‍ ഫീസടച്ച് രണ്ടുമാസം പഠനം കഴിഞ്ഞപ്പോഴാണ് മെഡിക്കല്‍ അലോട്ട്മെന്റിന്റെ ആദ്യ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്, ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ പ്രതിരോധത്തിലായിരിക്കുന്നത്.
പഠിച്ചുകൊണ്ടിരിക്കുന്ന കോഴ്സ് വേണ്ടെന്നുവെച്ചാല്‍ പരീക്ഷാ കമ്മീഷണറുടെ മുന്‍ ഉത്തരവ് പ്രകാരം 75000 രൂപ മുതല്‍ മുകളിലേക്ക് പിഴ നല്‍കണം. മെഡിക്കല്‍ കോഴ്സിന് ആദ്യ അലോട്ട്മെന്റില്‍ പേരുള്ളവര്‍ ഈ മാസം 9 നു മുമ്പ് അതാതു കോളേജുകളില്‍ അഡ്‌മിഷന്‍ എടുക്കുകയും വേണം. പരീക്ഷാ കമ്മീഷണറുടെ മുന്‍ ഉത്തരവ് നടപ്പിലാക്കുവാന്‍ കോളേജുകള്‍ വാശി പിടിച്ചതോടെ മിക്ക വിദ്യാര്‍ത്ഥികളുടെയും മെഡിക്കല്‍ സ്വപ്നം ഇരുളടയുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ അലോട്ട്മെന്റുകള്‍ ഒന്നിച്ചായിരുന്നു. അതുകൊണ്ടുതന്നെ ഇഷ്ടമുള്ള കോഴ്സും കോളേജും തെരഞ്ഞെടുക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ടായിരുന്നു.
ഉദ്യോഗസ്ഥരുടെ വീഴ്ചയും സര്‍ക്കാരിന്റെ അലംഭാവവും മൂലമാണ് മെഡിക്കല്‍ അലോട്ട്മെന്റ് ഇത്ര താമസിച്ചത്. ഇതിന് ബാലിയാടാകുന്നത് ഇപ്പോള്‍ വിദ്യാര്‍ത്ഥികളാണ്. എന്‍ട്രന്‍സ് കമ്മീഷണര്‍ അടിയന്തിരമായി ഇടപെടുകയും കോളെജുകള്‍ക്ക് പുതുക്കിയ നിര്‍ദ്ദേശം നല്‍കുകയും ചെയ്തില്ലെങ്കില്‍ നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവി ഇരുളടയും. പ്രശ്നത്തിന്റെ ഗൌരവം മനസ്സിലാക്കി വിദ്യാഭ്യാസ മന്ത്രിയും ഇക്കാര്യത്തില്‍ ഇടപെടണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നു.