നിത്യജീവിതത്തില്‍ നാം പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിക്കാറുണ്ട്. ഇതിനെല്ലാം പിന്നില്‍ കാരണങ്ങളുമുണ്ടാകാം. എന്നാല്‍ മിക്കപ്പോഴും ഇങ്ങനെ അനുഭവപ്പെടുന്ന ആരോഗ്യപ്രശ്നങ്ങളെയെല്ലാം അധികപേരും നിസാരമായി വിട്ടുകളയാറാണ് പതിവ്. പക്ഷേ ഇവയെല്ലാം നിസാരമാക്കി തള്ളിക്കളയുമ്പോള്‍ ഇവയിലേക്ക് നയിക്കുന്ന കാരണം നമ്മുടെ ഉള്ളില്‍ പിന്നെയും ശക്തമാവുകയാണ് ചെയ്യുന്നത്.
നമുക്കറിയാം, ശരീരത്തിന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും അവയവങ്ങളുടെ ആരോഗ്യത്തിനും നിലനില്‍പിനുമെല്ലാമായി പല ഘടകങ്ങളും നമുക്ക് ആവശ്യമാണ്. വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിങ്ങനെയെല്ലാം. ഇവയുടെ കുറവ് ആരോഗ്യത്തെ ബാധിക്കും. പക്ഷേ പലപ്പോഴും നാമിത് സമയത്തിന് തിരിച്ചറിയണമെന്നില്ല. എന്തെങ്കിലും ഗൗരവതരമായ പ്രശ്നങ്ങള്‍ വരുമ്പോള്‍ മാത്രമാണ് വളരെ വൈകി ഇതെല്ലാം തിരിച്ചറിയുക.
ഇതുപോലെ കാത്സ്യം കുറയുമ്പോള്‍ കാണാവുന്ന ചില പ്രശ്നങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ആദ്യമേ തന്നെ ഇതിന് പരിഹാരം കാണാനായാല്‍ കൂടുതല്‍ സങ്കീര്‍ണതകള്‍ ഒഴിവാക്കാവുന്നതേയുള്ളൂ. ഇത്തരത്തില്‍ കാത്സ്യം കുറവുണ്ടാകുമ്പോള്‍ ആദ്യമേ കാണുന്ന ലക്ഷണങ്ങള്‍…
ഒന്ന്…
പേശീവേദനയാണ് ഇതിന്‍റെ ഒരു ലക്ഷണം. കാത്സ്യം കുറയുമ്പോള്‍ അത് പേശികളില്‍ ബലക്ഷയമുണ്ടാകുന്നതിലേക്ക് നയിക്കുന്നു. ഇതിന്‍റെ ഭാഗമായാണ് പേശീവേദന അനുഭവപ്പെടുന്നത്. വേദനയ്ക്കൊപ്പം തന്നെ തളര്‍ച്ചയും നേരിടാം.
രണ്ട്…
തുടര്‍ച്ചയായ വിറയലും അതുപോലെ മരവിപ്പും – പ്രത്യേകിച്ച് കൈകാല്‍ വിരലുകളില്‍ അനുഭവപ്പെടുന്നതും കാത്സ്യം കുറവ് മൂലമാകാം. കാരണം കാത്സ്യം കുറയുമ്പോള്‍ അത് നാഡികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ഇതുമൂലമാണ് വിറയലും മരവിപ്പുമെല്ലാമുണ്ടാകുന്നത്.
മൂന്ന്…
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തെയും കാത്സ്യം കുറവ് ബാധിക്കും. ഇത് മിക്കവാറും പേര്‍ക്ക് അറിയാവുന്ന കാര്യമാണ്. എങ്കിലും പല്ലുകള്‍ പൊട്ടുമ്പോഴോ, പല്ലിലെ ഇനാമല്‍ നഷ്ടപ്പെട്ടുപോകുമ്പോഴോ പല്ലില്‍ പോട് വീഴുമ്പോഴോ ഒന്നും ഇത് പരിശോധിക്കാൻ മുതിരില്ല എന്നതാണ് സത്യം. മോണ രോഗത്തിലേക്കും കാത്സ്യം കുറവ് നയിക്കാം.
നാല്…
എല്ലിന്‍റെ കാര്യം പറഞ്ഞതുപോലെ തന്നെ നഖങ്ങളുടെ ആരോഗ്യത്തെയും കാത്സ്യം കുറവ് ബാധിക്കും. ഇതും മിക്കവര്‍ക്കും അറിയാവുന്നതാണ്. നഖങ്ങള്‍ പൊട്ടിപ്പോവുക, നഖങ്ങളുടെ ആകൃതി നഷ്ടപ്പെടുക എന്നിങ്ങനെയുള്ള പ്രശ്നങ്ങളഅ ഇതുമൂലം കാണാം. നഖത്തിനൊപ്പം തന്നെ സ്കിന്നും കാത്സ്യം കുറവ് മൂലം ബാധിക്കപ്പെടുന്നു. ഡ്രൈ സ്കിൻ ആണ് ഇതിന്‍റെ പ്രധാനപ്പെട്ടയൊരു ലക്ഷണം.
അഞ്ച്…
നെഞ്ചിടിപ്പില്‍ വ്യത്യാസം വരുന്നതും കാത്സ്യം കുറവ് മൂലമാകാം. എന്നാലിത് പെട്ടെന്ന് തന്നെ ഡോക്ടറെ കണ്ട് പരിശോധിക്കേണ്ട കാര്യമാണ്. കാരണം ഹൃദ്രോഗങ്ങളുടെ ഭാഗമായും നെഞ്ചിടിപ്പില്‍ വ്യത്യാസം കാണാം.