മയക്കുമരുന്ന് വരാൻ എളുപ്പമുള്ളതു കൊണ്ട് കാസർകോടാണ് ഇപ്പോൾ ഒട്ടേറെ സിനിമകൾ ഷൂട്ട് ചെയ്യുന്നതെന്ന എം രഞ്ജിത്തിന്റെ പ്രസ്താവനയ്ക്ക് എതിരെ മദനോത്സവം സംവിധായകൻ സുധീഷ് ഗോപിനാഥ്. കാസർകോടേയ്ക്ക് സിനിമ വന്നത് മയക്കുമരുന്ന് മോഹിച്ചല്ല. ഈ ഭൂമികയുടെ സൗന്ദര്യം കൊണ്ടും സിനിമ നെഞ്ചേറ്റിയവരുടെ ധൈര്യവും ആവേശവും കൊണ്ടാണെന്നും സുധീഷ് പറഞ്ഞു.
കാസറഗോഡിന്റെ ഉൾ നാടുകളുടെ ദൃശ്യ ഭംഗിയും സാംസ്കാരിക ശേഷിപ്പുകളുടെ കാഴ്ചകളും, ജനങ്ങളുടെ സഹകരണവും ഒക്കെ ആവാം സിനിമ പ്രവർത്തകരെ ഇവിടേയ്ക്ക് നോക്കാൻ പ്രേരിപ്പിച്ചത്. രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ പയ്യന്നൂർ ഷൂട്ട് ചെയ്ത ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വൻ വിജയമായപ്പോൾ കാസർകോട് അടക്കമുള്ള പ്രദേശത്തു നിന്നുള്ളവരുടെ പുതിയ സിനിമ പ്രവർത്തക സംഘം ഉണ്ടായി വന്നുവെന്നും സുധീഷ് പറയുന്നു. ഈ നാട്ടിലെ സാധാരണക്കാരെയും സിനിമ പ്രവർത്തകരെയും അപമാനിക്കുന്നതാണ് എം രഞ്ജിത്തിന്റെ പ്രസ്താവനയെന്നും സുധീഷ് പറഞ്ഞു.