ദില്ലി: തട്ടിപ്പുകേസില്‍ ദില്ലി ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖർ ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിന്‍റെ ജന്മദിനത്തിൽ അവർക്ക് ഒരു യാട്ട് സമ്മാനിച്ചതായി റിപ്പോർട്ട്. ഇക്കണോമിക് ടൈംസ് റിപ്പോർട്ട് അനുസരിച്ച് ഞായറാഴ്ച 39-ാം ജന്മദിനം ആഘോഷിച്ച ജാക്വലിൻ ഫെർണാണ്ടസിന് എഴുതിയ കത്തിൽ ‘ലേഡി ജാക്വലിൻ’ എന്ന് പേരിട്ടിരിക്കുന്ന യാട്ടാണ് താൻ നല്‍കുകയെന്നും ഇത് 2021 ൽ തന്നെ തെരഞ്ഞെടുത്തതാണെന്നും സുകേഷ് വെളിപ്പെടുത്തി.
റിപ്പോർട്ട് പ്രകാരം ഈ മാസം തന്നെ യാട്ട് ഡെലിവറി ചെയ്യുമെന്നും സുകേഷ് കത്തില്‍ ജാക്വലിൻ ഫെർണാണ്ടസിനോട് പറയുന്നു. ജാക്വിലിനെ തന്‍റെ ബേബി ഗേള്‍ എന്ന് വിളിച്ച സുകേഷ്, ജാക്വിലിന്‍റെ എല്ലാ ആഗ്രഹങ്ങളും വരും വർഷത്തിൽ സാക്ഷാത്കരിക്കപ്പെടണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും. ശാരീരിക വേർപിരിഞ്ഞിരുന്നാലും തന്‍റെ ചിന്തകളും ആത്മാവും ജാക്വിലിനുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും കത്തില്‍ കൂട്ടിച്ചേർത്തു.
2025ല്‍ താന്‍ ജയിലില്‍ നിന്നും പുറത്തിറങ്ങുമെന്നും അന്ന് റോമിയോ ജൂലിയറ്റ് രീതിയില്‍ അടുത്ത ജന്മദിനം ആഘോഷിക്കാം എന്നും കത്തില്‍ ജാക്വലിൻ പറയുന്നു. ജാക്വലിന്‍റെ പേരില്‍ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിന് 15 കോടി നല്‍കുമെന്നും സുകേഷ് കത്തില്‍ പറയുന്നുണ്ട്.
നൽകിയ പിന്തുണയ്ക്ക് നന്ദി സൂചകമായി ജാക്വലിൻ ഫെർണാണ്ടസിന്‍റെ 100 ആരാധകര്‍ക്ക് ഐഫോണ്‍ 15 പ്രോ സമ്മാനം പ്രഖ്യാപിച്ചുകൊണ്ടാണ് സുകേഷ് തന്‍റെ കത്ത് അവസാനിപ്പിച്ചു. വിജയികളെ യൂട്യൂബില്‍ തന്‍റെ ടീം പ്രഖ്യാപിക്കും എന്നും സുകേഷ് പറയുന്നു.
അതേ സമയം സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജൂലൈയിൽ എൻഫോഴ്‌സ്‌മെന്‍റ് ജാക്വിലിനെ വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. മുൻ ഫോർട്ടിസ് ഹെൽത്ത് കെയർ പ്രൊമോട്ടർ ശിവീന്ദർ മോഹൻ സിംഗിന്‍റെ ഭാര്യ അദിതി സിംഗ് ഉൾപ്പെടെയുള്ള ഉന്നത വ്യക്തികളെ വഞ്ചിച്ചെന്നാരോപിച്ച് ഏകദേശം 200 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലാണ് ശ്രീലങ്കൻ വംശജനായ ബോളിവുഡ് നടിയെ നേരത്തെയും ഏജൻസി ചോദ്യം ചെയ്തിരുന്നു. .
ജാക്വിലിന് സമ്മാനങ്ങൾ വാങ്ങാൻ സുകേഷ് ഈ കുറ്റകൃത്യത്തിന്‍റെ വരുമാനമോ അനധികൃത പണമോ ഉപയോഗിച്ചുവെന്ന് ഇഡി ആരോപിച്ചിരുന്നു. താൻ നിരപരാധിയാണെന്നും ഇയാളുടെ ക്രിമിനൽ പ്രവർത്തനങ്ങളെക്കുറിച്ച് തനിക്ക് അറിവില്ലെന്നും ജാക്വലിൻ വ്യക്തമാക്കിയത്.