തിരുവനന്തപുരം : ഇടവേളക്കു ശേഷം വാഹനങ്ങളിലെ സൺഫിലിമും കൂളിങ് ഫിലിമും പിടികൂടാനുള്ള പ്രത്യേക പരിശോധനയുമായി മോട്ടോർ വാഹനവകുപ്പ്. ‘ഓപറേഷൻ സുതാര്യം’ എന്ന പേരിൽ വ്യാഴാഴ്ച മുതൽ ഈ മാസം 14 വരെയാണ് പരിശോധനക്ക് നിർദേശിച്ചിരിക്കുന്നത്. വാഹനങ്ങളുടെ മുൻ-പിൻ സേഫ്റ്റി ഗ്ലാസുകളിൽ കുറഞ്ഞത് 70 ശതമാനവും വശങ്ങളിൽ 50 ശതമാനവും സുതാര്യത ഉറപ്പുവരുത്തണമെന്ന് കേന്ദ്ര മോട്ടോർ വാഹനവകുപ്പ് ചട്ടത്തിൽ വ്യക്തമാക്കിട്ടുണ്ട്.
കൂളിങ് ഫിലിം, ടിന്റഡ് ഫിലിം, ബ്ലാക്ക് ഫിലിം എന്നിവ വാഹനങ്ങളുടെ ഗ്ലാസുകളിൽ ഒട്ടിക്കരുതെന്ന് കോടതി വിധിയുമുണ്ട്. ഇതു സംബന്ധിച്ച് നിയമം ദുർവ്യാഖ്യാനം ചെയ്ത് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക പരിശോധനക്ക് നിർദേശം നൽകിയിരിക്കുന്നത്. നേരത്തേ സൺഫിലിം ഗ്ലാസുകൾക്കെതിരെ നടപടി സ്വീകരിച്ച് തുടങ്ങിയെങ്കിലും മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വാഹനങ്ങൾ സൺ ഫിലിം ഒട്ടിച്ച് പായുന്നതിനെതിരെ ആക്ഷേപമുയർന്നതോടെ പരിശോധനതന്നെ അവസാനിപ്പിച്ചിരുന്നു.