തൃശൂർ: വിപണി പിടിച്ചടക്കാൻ ഓൺലൈൻ വ്യാപാരവുമായി സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) രംഗത്ത്. വില പിടിച്ചുനിർത്താൻ മൊബൈൽ മാവേലി സ്റ്റോറുകൾ തുടങ്ങിയതിന് പിന്നാലെയാണ് ഓൺലൈൻ വ്യാപാരവുമായി വിപണിയിൽ ഇടപെടുന്നത്. ഓൺലൈൻ വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം പരീക്ഷണാർഥം ഈമാസം 11ന് തൃശൂരിൽ നടക്കും. തൃശൂർ പീപ്പിൾ ബസാറിലും ഒല്ലൂരിലെയും മണ്ണുത്തിയിലെയും സൂപ്പർമാർക്കറ്റുകളിലും റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം നിർവഹിക്കും. വലിയ വിജയം കണ്ടില്ലെങ്കിലും ലോക്ഡൗൺ കാലത്ത് നടത്തിയ ഓൺലൈൻ വ്യാപാരം ശാസ്ത്രീയമായി പുനർവിന്യസിക്കുകയാണ് ചെയ്യുന്നത്. കൊഴിഞ്ഞുപോയ ഉപഭോക്താക്കളെ തിരിച്ചുകൊണ്ടുവരികയാണ് പ്രധാന ലക്ഷ്യം. കാലഘട്ടത്തിന് അനുസരിച്ച വിൽപന തന്ത്രത്തിനൊപ്പം പുതുതലമുറയെ ആകർഷിക്കാൻ കൂടിയുള്ള പദ്ധതിയാണിത്.
വിൽപന ശാലകളിലുണ്ടായ നഷ്ടം കുറക്കുക കൂടി ലക്ഷ്യമുണ്ട്. സൈപ്ല കേരള എന്ന ആപ്പ് ഉപയോഗിച്ചാണ് ഓൺലൈൻ സംവിധാനം നടപ്പാക്കുക. മിൽമ, മത്സ്യഫെഡ്, ഹോട്ടികോർപ്പ് അടക്കം വിവിധ സ്ഥാപനങ്ങളുടെ ഉൽപന്നങ്ങളും ഇതിലൂടെ വാങ്ങാനാവും. സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരി സാധനങ്ങളും നോൺ സബ്സിഡി സാധനങ്ങളും ജനങ്ങൾക്ക് ഇതിലൂടെ വാങ്ങാനാവും. അതേ സമയം സബ്സിഡി സാധനങ്ങൾ ഓൺലൈനായി ലഭിക്കില്ല. സബ്സിഡി വിൽപനയിലുള്ള നിബന്ധനകളാണ് ഇതിന് സാധ്യമാവാത്ത സാഹചര്യം സൃഷ്ടിക്കുന്നത്. ഇത് മറികടക്കാനാവശ്യമായ സജ്ജീകരണങ്ങൾ പിന്നാലെ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഓൺലൈൻ ഓർഡർ ലഭിക്കുന്ന സാധനങ്ങൾ ബിഗ് സോഫ്റ്റ് കമ്പനിയുമായി ചേർന്നാണ് വീട്ടിൽ എത്തിക്കുന്നത്. നാല് കിലോമീറ്റർ ചുറ്റളവിൽ 35 രൂപ നിരക്കിലാണ് ഇതിന് തുക ഈടാക്കുന്നത്. കൂടുതൽ കിലോമീറ്ററിന് 100 രൂപയിൽ കൂടാത്ത തുകയും വീട്ടീൽ എത്തിക്കാൻ വാങ്ങും. ഓൺലൈനിൽ സാധനങ്ങൾ വാങ്ങുന്നവർക്ക് ഉദ്ഘാടന ഓഫറായി അഞ്ച് ശതമാനം കിഴിവ് ലഭിക്കും. 1000 രൂപക്ക് സാധനം വാങ്ങുന്നവർക്ക് ഒരു പാക്കറ്റ് ആട്ടയും 2000 രൂപക്ക് വാങ്ങുന്നവർക്ക് 250 ഗ്രാം ശബരി ചായപ്പൊടിയും 5000 രൂപക്ക് ശബരി വെളിച്ചെണ്ണയും സൗജന്യമായി നൽകും. മൂന്ന് വിൽപനശാലകളിലെ പ്രവർത്തനം വിലയിരുത്തിയതിന് പിന്നാലെ ഇതര ജില്ലകളിലും ഓൺലൈൻ വ്യാപാരത്തിന് തുടക്കമിടും.