ന്യൂഡൽഹി> ഡൽഹികലാപവുമായി ബന്ധപ്പെട്ട ‘വലിയ ഗൂഢാലോചന’ കേസിൽ പ്രതിയായ ജെഎൻയു മുൻ വിദ്യാർഥി ഉമർഖാലിദിന്റെ ജാമ്യഹർജി രണ്ടാഴ്‌ചയ്‌ക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രീംകോടതി. യുഎപിഎ നിയമപ്രകാരമുള്ള കേസിൽ വിചാരണ നേരിടുന്ന ഉമർഖാലിദ് 2020 സെപ്‌തംബർ മുതൽ തടവിലാണ്. കഴിഞ്ഞവർഷം ഡൽഹി ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഉമർഖാലിദ് സുപ്രീംകോടതിയെ സമീപിച്ചത്.
ഉമർഖാലിദിന്റെ പ്രത്യേകാനുമതി ഹർജിയിൽ വിശദമായി വാദംകേൾക്കണമെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽസിബൽ ആവശ്യപ്പെട്ടു. ഇതേതുടർന്ന്, കേസ് രണ്ടാഴ്‌ച്ചയ്‌ക്ക് ശേഷം പരിഗണിക്കാമെന്ന് ജസ്‌റ്റിസ് അനിരുദ്ധാബോസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. 2020 ഫെബ്രുവരിയിൽ ഡൽഹിയിൽ ഉണ്ടായ കലാപങ്ങൾക്ക് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം.