ന്യൂഡൽഹി: ഗ്യാൻവാപി പള്ളിയിൽ ഹിന്ദുത്വ വാദികൾ ശിവലിംഗമെന്ന് ആരോപിക്കുന്ന നിർമിതിയുടെ പ്രായമറിയാൻ നടത്തുന്ന കാർബൺ ഡേറ്റിങ് ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനക്ക് സുപ്രീംകോടതി സ്റ്റേ. ഈ വിഷയത്തിൽ സൂക്ഷ്മതയോടെ ഇടപെടണമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിധി.പള്ളിയിലെ നിർമിതിയുടെ പ്രായമറിയാൻ ശാസ്ത്രീയ പരിശോധന നടത്തണമെന്ന അലഹാബാദ് ഹൈകോടതിയുടെ ഉത്തരവിനെതിരെ വാരണാസിയിലെ ഗ്യാൻവാപി പള്ളിയുടെ നടത്തിപ്പുകാരായ അൻജുമാൻ ഇസ്‍ലാമിയ മസ്ജിദ് നൽകിയ പ്രത്യേക അപേക്ഷയിലാണ് കോടതി നടപടി. അലഹാബാദ് കോടതിയുടെ ഉത്തരവിലുള്ള നിർദേശങ്ങൾ നടപ്പാക്കുന്നത് അടുത്ത വാദം കേൾക്കുന്നതു വരെ നിർത്തിവെക്കണം.
സർവേക്ക് വേണ്ട നടപടികൾ ആരംഭിച്ചുവെന്ന് മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹുസെഫ അഹ്മദി പറഞ്ഞു. എന്നാൽ സർവേക്കിടെ നിർമിതിക്ക് കേടുപാടുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന ആശങ്ക യു.പി സർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ഉന്നയിച്ചു.മേയ് 12നാണ് കാലപ്പഴക്കം നിർണയിക്കാൻ ശാസ്ത്രീയ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയ ജില്ല കോടതിയുടെ വിധി തള്ളി ഹൈകോടതിയുടെ സർവേ ഉത്തരവുണ്ടായത്. ഹൈകോടതി ഉത്തരവിനുശേഷം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ഗ്യാൻവാപി പള്ളിയാകെ സർവേ നടത്തണമെന്ന ആവശ്യത്തിൽ വാദം കേൾക്കാൻ വാരാണസി കോടതി സമ്മതിച്ചിരുന്നു. ഹിന്ദു വിഭാഗമാണ് ഈ ആവശ്യം ഉന്നയിച്ചത്. തുടർന്ന്, വിഷയത്തിൽ പള്ളിക്കമ്മിറ്റി അവരുടെ മറുപടി മേയ് 19നകം സമർപ്പിക്കാനും ജില്ല കോടതി ജഡ്ജി എ.കെ. വിശ്വേശ് നിർദേശിക്കുകയുണ്ടായി.