ന്യൂഡൽഹി∙ ബഫർസോണ്‍ വിധിയിൽ ഭേദഗതി ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി മൂന്നംഗ ബെഞ്ചിനു വിട്ടു. ഒരു കിലോമീറ്റർ വീതിയിൽ ബഫർസോൺ നിർബന്ധമാക്കിയത് മൂന്നംഗ ബെഞ്ചായിരുന്നു. നേരത്തേ വിധി പുറപ്പെടുവിച്ച മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് നാഗേശ്വര റാവു വിരമിച്ചു. അതിനാൽ പുതിയ മൂന്നംഗ ബെഞ്ചിലെ അംഗങ്ങളെ ചീഫ് ജസ്റ്റിസ് നിശ്ചയിക്കും.
മുൻ വിധിയിലെ ചില നിർദേശങ്ങൾ ഭേദഗതി ചെയ്യുമെന്ന സൂചന നൽകിയ കോടതി, കേരളത്തിന്റെ പുനഃപരിശോധനാ ഹർജി തൽകാലം പരിഗണനയ്ക്ക് എടുക്കേണ്ടെന്ന് നിലപാടെടുത്തു. ഭേദഗതി അനുവദിച്ചാൽ പുനഃപരിശോധനയുടെ ആവശ്യമില്ലല്ലോ എന്ന് കോടതി ചോദിച്ചു. ഇന്ന് ഹർജി പരിഗണിച്ചപ്പോൾ അമിക്കസ് ക്യൂറിയാണ് ആദ്യ വാദിച്ചത്. വിധിക്ക് ശേഷം കേരളത്തിലും മറ്റിടങ്ങളിലും ഉണ്ടായിട്ടുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ അമിക്കസ് ക്യൂറി കോടതിയെ ധരിപ്പിച്ചു.