കോഴിക്കോട്: മുട്ടിൽ മരംമുറിയിലെ യഥാർഥ ഗുണഭോക്താവ് മുഖ്യമന്ത്രി പിണറായി വിജയനാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കേസ് ശരിയായ രീതിയിൽ അന്വേഷിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുകയും പ്രതിസ്ഥാനത്തു നിൽക്കുന്ന ഉദ്യോഗസ്ഥനു സ്ഥാനക്കയറ്റം നൽകുകയും ചെയ്തതിലൂടെ സർക്കാരിന്റെ താൽപര്യത്തോടെയാണ് മരംമുറി നടന്നതെന്നു വ്യക്തമായി.
എൽഡിഎഫിന് തിരഞ്ഞെടുപ്പ് ഫണ്ട് സ്വരൂപിക്കാനായി കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് നടത്തിയ രാഷ്ട്രീയ തീരുമാനമായിരുന്നു മുട്ടിൽ മരംമുറി. സിപിഎം, സിപിഐ നേതാക്കളുടെ അറിവോടെയാണ് ഇത് ആസൂത്രണം ചെയ്തത്. ഇരു കൂട്ടർക്കും പ്രതിഫലം ലഭിച്ചു.
കോടിക്കണക്കിനു രൂപയുടെ മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിലെ അന്വേഷണം നിലച്ചതിനു പിന്നിലും രാഷ്ട്രീയ ഇടപെടലാണ്. കേസ് ഒളിപ്പിക്കാൻ സഹായിക്കുന്നതു മുഖ്യമന്ത്രി തന്നെയാണ്. മുട്ടിൽ മരംമുറിക്കേസിന് നേതൃത്വം നൽകിയ സംഘങ്ങൾ ഇന്നും സജീവമാണെന്നും സുരേന്ദ്രൻ പറഞ്ഞു.