കോഴിക്കോട്: സുരേഷ് ഗോപി എംപി വിഷു കൈനീട്ടം നൽകിയതിനെ എതിർക്കുകയും തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യുന്നത് മനോനില തെറ്റിയവരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ‘നമ്മുടെ നാട്ടിലെ കുട്ടികൾക്കും വിദ്യാർഥികൾക്കും അദ്ദേഹം വിഷു കൈനീട്ടം നൽകിയത് നല്ല കാര്യമാണ്. മുതിർന്ന ആളുകളെ ബഹുമാനിക്കാൻ ചിലർ കാലു തൊട്ടു വന്ദിച്ചെന്നു വരാം. അതു നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. നമ്മുടേത് പാശ്ചാത്യ രാജ്യമൊന്നുമല്ലല്ലോ. അതിനെ വലിയ അപരാധമായി കണക്കാക്കേണ്ടതില്ല.’– അദ്ദേഹം പറഞ്ഞു
കൈനീട്ടം കൊടുക്കരുതെന്ന് പറയാൻ ദേവസ്വം ബോർഡിന് എന്തധികാരമാണുള്ളതെന്നും സുരേന്ദ്രൻ ചോദിച്ചു. ബോർഡ് ഇല്ലാത്ത അധികാരം കാണിക്കുകയാണ്. ഭക്തജനങ്ങൾക്ക് കൈ നീട്ടം നൽകാൻ സുരേഷ് ഗോപിക്ക് മാത്രമല്ല ഏതൊരു പൗരനും അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം ശമ്പളം എഴുതിയെടുത്ത ശേഷമാണ് ട്രേഡ് യൂണിയനുകളും സർവീസ് സംഘടനകളും പണി മുടക്കിനിറങ്ങിയത്. ഉദ്യോഗസ്ഥർ അവരിൽ നിക്ഷിപ്തമായ ഉത്തരവാദിത്വം നിർവഹിക്കണം. രാജ്യത്ത് വികസന പ്രവർത്തനം അട്ടിമറിക്കാൻ അനുവദിക്കില്ല. സംസ്ഥാനത്തിന് 10,000 കോടി രൂപ നഷ്ടമുണ്ടാക്കിയ ട്രേഡ് യൂണിയൻ നേതാക്കളെ വിമർശിക്കാൻ പാടില്ലെങ്കിൽ പിന്നെ അവർക്ക് പരവതാനി വിരിക്കണോ എന്നും കെ.സുരേന്ദ്രൻ ചോദിച്ചു.