കൊച്ചി ∙ സാമ്പത്തിക തട്ടിപ്പിന് ഇരയാകുകയും വീസ കാലാവധി തീർന്നതിനെ തുടർന്നു പ്രതിസന്ധിയിലാകുകയും ചെയ്ത യുകെ വനിതയ്ക്കു സഹായവുമായി നടൻ സുരേഷ് ഗോപി. ഫോർട്ട് കൊച്ചിയിലെ ഹോം സ്റ്റേയിൽ താമസിക്കുന്ന യുകെ സ്വദേശി പെനിലോപ് കോയ്ക്കാണു (75) സുരേഷ് ഗോപി സഹായമെത്തിച്ചത്.ഇന്ത്യയിലെ ടൂറിസ്റ്റ് വീസ പുതുക്കാനായി രാജ്യത്തിനു പുറത്തു പോയി വരാനുള്ള വിമാന ടിക്കറ്റുകളുടെ തുക, വീസ ലംഘിച്ചു രാജ്യത്തു തുടർന്നതിനുള്ള പിഴത്തുക, മറ്റു ചെലവുകൾക്കുള്ള തുക എന്നിവയുൾപ്പെടെ 60,000 രൂപ സുരേഷ് ഗോപി നൽകി. സുരേഷ് ഗോപിക്കു വേണ്ടി പ്രൊഡക്‌ഷൻ കൺട്രോളർ ഡിക്സൺ പൊടുതാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഖിൽ എന്നിവർ തുക കൈമാറി. 2007 മുതൽ പലപ്പോഴായി കൊച്ചി സന്ദർശിക്കുകയും തെരുവു നായ്ക്കൾക്ക് അഭയകേന്ദ്രമൊരുക്കാൻ ‘മാഡ് ഡോഗ് ട്രസ്റ്റ്’ എന്ന സംഘടന രൂപീകരിക്കുകയും ചെയ്ത പെനിലോപ് കോ നേരിടുന്ന ജീവിത പ്രതിസന്ധി വാർത്തയായിരുന്നു. ഭർത്താവിനൊപ്പം 2007ലാണു പെനിലോപ് കോ കൊച്ചിയിലെത്തുന്നത്. കൊച്ചിയെ ഇഷ്ടപ്പെട്ടതോടെ പിന്നീട് പലവട്ടം വന്നു. നാട്ടുകാരിൽ ഒരുവളായി. 2010ൽ ഭർത്താവ് കൊച്ചിയിൽ മരിച്ചതോടെ ഇവിടെത്തന്നെ ജീവിക്കാൻ തീരുമാനിച്ചു. 2011ൽ സ്വന്തം പണമുപയോഗിച്ചു തെരുവു നായ്ക്കൾക്ക് അഭയകേന്ദ്രമൊരുക്കാൻ ‘മാഡ് ഡോഗ് ട്രസ്റ്റ്’ എന്ന സംഘടന രൂപീകരിച്ചതോടെ ഫോർട്ട് കൊച്ചിയിൽ പെനിലോപ് പ്രശസ്തയായി.
ഇതിനിടയിൽ ബ്രിട്ടനിലെ വീടു വിറ്റു എട്ടുകോടിയോളം രൂപ പെനിലോപിനു ലഭിച്ചു. വിദേശത്തെ ബാങ്ക് അക്കൗണ്ടിലാണു പണം സൂക്ഷിച്ചിരുന്നത്. കൊച്ചിയിലെ സഹായിയുടെ പള്ളുരുത്തിയിലുള്ള സുഹൃത്ത് വിശ്വാസമാർജിച്ച് അടുത്തു കൂടിയതോടെ തന്റെ കഷ്ടകാലം തുടങ്ങിയെന്നു പെനിലോപ് പറയുന്നു. പ്രതിമാസം നിശ്ചിത തുക വാഗ്ദാനം ചെയ്തതോടെ ഏഴരക്കോടി രൂപ പെനിലോപ് അക്കൗണ്ട് വഴി ഇയാൾക്കു കൈമാറി. ഇതിനിടയിൽ നിയമവിരുദ്ധ പണമിടപാട് ആരോപിച്ചു പെനിലോപിന്റെ അക്കൗണ്ട് മരവിപ്പിച്ചു.പണം കടം വാങ്ങിയയാൾ 8 വർഷമായി തന്നെ കബളിപ്പിക്കുകയാണെന്നാണു പെനിലോപ് കമ്മിഷണർക്കു നൽകിയ പരാതിയിൽ പറയുന്നത്. കയ്യിൽ പത്തു പൈസയില്ലാത്ത അവസ്ഥയാണ്. കടം വാങ്ങിയാണു ഫോർട്ട് കൊച്ചിയിലെ ഹോം സ്റ്റേയിൽ താമസിക്കുന്നത്. ഭക്ഷണം കഴിക്കാൻ പോലും പണമില്ല. വീസ കാലാവധി തീർന്നെങ്കിലും പുതുക്കാനോ, ടിക്കറ്റെടുക്കാനോ കഴിയാത്ത അവസ്ഥയിലാണു താനെന്നു പെനിലോപ് പറയുന്നു.