പാലക്കാട്: പാലക്കാട് വില്ലേജ് അസിസ്റ്റന്‍റ് സുരേഷ് കുമാർ നയിച്ചത് ലളിത ജീവിതം. സ്വന്തമായി കാറോ ഇരുചക്രവാഹനമോ ഉണ്ടായിരുന്നില്ല. പണം സ്വരുക്കൂട്ടിയത് സ്വന്തമായി വീട് വെക്കാനെന്നാണ് പ്രതിയുടെ മൊഴി. അവിവാഹിതൻ ആയതിനാൽ ശമ്പളം അധികം ചെലവാക്കേണ്ടി വരാറില്ലെന്നും മൊഴി നല്‍കി. ഇയാൾ ഒരു മാസമായി വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. പ്രതിയെ ഇന്ന് തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും. വിജിലൻസ് ഇന്ന് തന്നെ കസ്റ്റഡി അപേക്ഷ നൽകും. അനധികൃത സ്വത്ത് എങ്ങനെ സമ്പാദിച്ചെന്ന് അന്വേഷിക്കും. വിജിലൻസിന് ഇയാളെക്കുറിച്ച് പരാതി കിട്ടുന്നത് ഇതാദ്യമാണ്. മുമ്പ് ജോലിയെടുത്തിരുന്ന വിലേജ് ഓഫീസുകളിലും ഇയാൾ ക്രമക്കേട് നടത്തിയിരുന്നു.
പണത്തിന് പുറമെ കവർ പൊട്ടിക്കാത്ത 10 പുതിയ ഷർട്ടുകൾ, മുണ്ടുകൾ, കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റർ തേൻ, പടക്കങ്ങൾ, കെട്ടു കണക്കിന് പേനകൾ എന്നിവ സുരേഷ് കുമാറിന്‍റെ മുറിയിൽ നിന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. കൈക്കൂലിയായി പൈസ മാത്രമല്ല എന്ത് കിട്ടിയാലും സുരേഷ് കുമാർ കൈപ്പറ്റിയിരുന്നു എന്നാണ് വിജിലൻസ് പറയുന്നത്. 2500 രൂപ മാസവാടകയുള്ള റൂമിലാണ് സുരേഷ് കുമാർ താമസിച്ചിരുന്നത്. ആർക്കും സംശയം തോന്നാതിരിക്കാൻ മുറി പൂട്ടാതെ പോലും പലപ്പോഴും സുരേഷ് കുമാർ പുറത്തിറങ്ങിയിരുന്നതായി പ്രദേശവാസികൾ പറയുന്നു.