തെന്നിന്ത്യൻ നടൻ സൂര്യ ഓസ്കര് അവാര്‍ഡിനുള്ള വോട്ട് രേഖപ്പെടുത്തി. ഓസ്കറില് സൂര്യയുടെ ആദ്യ വോട്ടാണിത്. ഓസ്കറിന് വോട്ട് ചെയ്ത കാര്യം താരം തന്നെയാണ് സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചത്. അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആൻഡ് സയൻസസില്‍ അംഗമാകുന്ന ആദ്യ തെന്നിന്ത്യൻ അഭിനേതാവാണ് സൂര്യ.
ബോളിവുഡ് നടി കാജോളിനെയും കമ്മറ്റി അംഗമായി ഉള്‍പ്പെടുത്തിയിരുന്നു. സംവിധായിക റീമ കഗ്ടിയാണ് കമ്മറ്റിയിലേക്ക് ക്ഷണം ലഭിച്ച മറ്റൊരു ഇന്ത്യക്കാരി. ഡോക്യുമെന്ററി സംവിധായകരായ സുഷ്മിത് ഘോഷ്, റിന്റു തോമസ് എന്നിവരും ക്ഷണം ലഭിച്ച ഇന്ത്യക്കാരില്‍ ഉള്‍പ്പെടുന്നു. സുഷ്മിത് ഘോഷ്, റിന്റു തോമസ് എന്നിവര്‍ സംവിധാനം ചെയ്ത ‘റൈറ്റിംഗ് വിത്ത് ഫയര്‍’ എന്ന ഡോക്യുമെന്ററിക്ക് കഴിഞ്ഞ തവണ ഓസ്കര് നോമിനേഷൻ ലഭിച്ചപ്പോള്‍ സൂര്യ നായകനായ ‘സൂരരൈ പോട്ര്’ 2021ല്‍ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര് എൻട്രിയായിരുന്നു. ഷാരൂഖ് ഖാൻ, ആമിര്‍ ഖാൻ, എ ആര് റഹ്മാൻ, അലി ഫസല്‍, അമിതാഭ് ബച്ചൻ, പ്രിയങ്ക ചോപ്ര, ഏക്ത കപൂര്‍ വിദ്യാ ബാലൻ തുടങ്ങിയവര്‍ ഇതിനകം തന്നെ അക്കാദമിയുടെ ഭാഗമായിട്ടുണ്ട്. ലോസ് ഏഞ്ചൽസിൽ വർഷം തോറും നടക്കുന്ന ഓസ്കാർ അവാർഡുകൾക്ക് വോട്ടുചെയ്യാൻ ഇങ്ങനെ ക്ഷണിക്കപ്പെട്ട അംഗങ്ങൾക്ക് അർഹതയുണ്ടാകും. പ്രേക്ഷകരുടെ പ്രിയങ്കരനായ സൂര്യ ഏതൊക്കെ സിനിമകള്‍ക്കാകും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടാകുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍.
ഇന്ത്യ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു അവാര്‍ഡ് പ്രഖ്യാപനമാണ് ഇത്തവണത്തെ ഓസ്കര്. മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ അവാര്‍ഡിന് മത്സരിക്കുന്ന ‘ആര്‍ആര്‍ആറി’ലെ ‘നാട്ടു നാട്ടു’വിലാണ് ആരാധകരുടെ പ്രതീക്ഷകളത്രയും. ഷൗനക് സെൻ സംവിധാനം ചെയ്ത ‘ഓള് ദാറ്റ് ബ്രീത്ത്സ്’, കാര്‍ത്തികി ഗോണ്‍സാല്‍വസിന്റെ ‘ദ് എലിഫെന്റ് വിസ്പേഴ്സ്’ എന്നീ ഡോക്യുമെന്ററികളും ഇന്ത്യയില്‍ നിന്ന് ഓസ്കറിന് മത്സരിക്കുന്നുണ്ട്. അടുത്തിടെ മറ്റൊരു അംഗീകാരം കൂടി ദീപികയിലൂടെ രാജ്യത്തിന് കൈവന്നിരുന്നു.
ഓസ്കര് പുരസ്കാര വേദിയിലെ അവതാരകരില്‍ ഒരാളായി ഇന്ത്യയുടെ ദീപിക പദുക്കോണ്‍ ഇടംപിടിച്ചിട്ടുണ്ട്. ദീപിക പദുക്കോണിന് പുറമേ റിസ് അഹമ്മദ്, എമിലി ബ്ലണ്ട്, ഗ്ലെൻ ക്ലോസ്, ജെന്നിഫര്‍ കോനെല്ലി, അരിയാന ഡിബോസ്, സാമുവല്‍ എല്‍ ജാക്സണ്, ഡ്വെയ്ൻ ജോണ്സണ്, മൈക്കല്‍ ബി ജോര്ഡൻ, ട്രോയ് കോട്സൂര്, ജോനാഥൻ മേജേഴ്സ്, മെലിസ മക്കാര്‍ത്തി, ജാനെല്‍ മോനെ, സോ സാല്‍ഡാന, ക്വസ്റ്റേ്ലാവ്, ഡോണി യെൻ എന്നിവരാണ് മറ്റ് അവതാരകര്‍. 16 പേരാണ് ഓസ്കറിന് അവതാരകരായിട്ടുണ്ടാകുക. 2016ല്‍ ഓസ്കാര്‍ പ്രഖ്യാപനത്തിന് അവതാരകയായി ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുമുണ്ടായിരുന്നു.