തിരുവനന്തപുരം: നെടുമങ്ങാട് കരുപ്പൂര് ഉഴപ്പാക്കോണം പുത്തൻ ബംഗ്ലാവിൽ വാടകക്ക് താമസിച്ചിരുന്ന സൂര്യഗായത്രിയെ (20) കുത്തിക്കൊലപ്പെടുത്തുകയും തടയാൻ ശ്രമിച്ച മാതാവ് വത്സലയെ പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതി കുറ്റക്കാരനെന്ന് കോടതി. പേയാട് ചിറക്കോണം വാറുവിളാകത്ത് വീട്ടിൽ അരുണിനെയാണ് (29) തിരുവനന്തപുരം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി കെ. വിഷ്ണു കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ വെള്ളിയാഴ്ച വിധിക്കും.കൊലപാതകം, കൊലപാതകശ്രമം, ഭവന കൈയേറ്റം, കുറ്റകരമായ ഭയപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. പ്രേമനൈരാശ്യവും വിവാഹാലോചന നിരസിച്ചതിലുള്ള വിരോധവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.
സൂര്യഗായത്രിയുടെ മാതാവ് വത്സല, പിതാവ് ശിവദാസൻ എന്നിവരായിരുന്നു കേസിലെ ദൃക്സാക്ഷികൾ. 2021 ആഗസ്റ്റ് 30ന് ഉച്ചക്ക് രണ്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം. സൂര്യഗായത്രിയും മാതാപിതാക്കളും വാടകക്ക് താമസിച്ചിരുന്ന വീട്ടിലെത്തിയായിരുന്നു പ്രതിയുടെ ആക്രമണം. ശാരീരിക വൈകല്യമുള്ളവരാണ് സൂര്യയുടെ മാതാപിതാക്കൾ. വീടിന്റെ അടുക്കള വാതിലിലൂടെ അകത്തുകടന്ന അരുണ്‍ സൂര്യയെ തലങ്ങും വിലങ്ങും കുത്തുകയായിരുന്നു.മകളെ ആക്രമിക്കുന്നതുകണ്ട് തടയാൻ ശ്രമിച്ച മാതാവ് വത്സലയെയും കുത്തി. സൂര്യയുടെ പിതാവിന്റെ നിലവിളി ഉയര്‍ന്നതോടെ അരുണ്‍ ഓടി. അയൽക്കാർ ഓടിയെത്തിയപ്പോഴേക്കും അരുൺ സമീപത്തെ മറ്റൊരു വീടിന്റെ ടെറസിൽ ഒളിക്കാൻ ശ്രമിച്ചു. അവിടെനിന്നാണ് നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടിയത്.
സൂര്യഗായത്രിയെ വിവാഹം ചെയ്ത് നല്‍കാത്ത വിരോധമാണ് പ്രതിയെ കൊലക്ക് പ്രേരിപ്പിച്ചതെന്നാണ് കേസ്. സംഭവത്തിന് രണ്ടുവർഷം മുമ്പ് അരുൺ സൂര്യയോട് വിവാഹാഭ്യർഥന നടത്തിയിരുന്നു. എന്നാൽ, ക്രിമിനൽ പശ്ചാത്തലമുള്ള അരുണിന്റെ ബന്ധം വീട്ടുകാർ നിരസിച്ചു.തുടർന്ന് കൊല്ലം സ്വദേശിയുമായി സൂര്യയുടെ വിവാഹം നടന്നു. സൂര്യയുടെ ഭർത്താവിനെയും അരുൺ ഫോണിൽ ഭീഷണിപ്പെടുത്തിയിരുന്നു. ഭർത്താവിന്റെ വീട്ടിൽനിന്ന് സൂര്യ ഉഴപ്പാക്കോണത്തെ വാടക വീട്ടിലെത്തിയതറിഞ്ഞാണ് അരുൺ ആക്രമണം നടത്തിയത്.39 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 64 രേഖകളും 49 തൊണ്ടി മുതലുകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ, അഡ്വ. വിനു മുരളി, അഡ്വ. അഖില ലാൽ, അഡ്വ. ദേവിക മധു എന്നിവർ ഹാജരായി. വലിയമല സർക്കിൾ ഇൻസ്പെക്ടറും ഇപ്പോൾ ക്രൈംബ്രാഞ്ച് അഡ്മിനിസ്ട്രേഷൻ ഡിവൈ.എസ്.പിയുമായ ബി.എസ്. സജിമോൻ, സിവിൽ പൊലീസ് ഓഫിസർമാരായ സനൽരാജ് ആർ.വി, ദീപ എസ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.