തളിപ്പറമ്പ്> സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസിൽ തുടർനടപടിക്കായി കോടതിയിൽ ഹാജരാകാതെ സ്വർണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷും കടമ്പേരി സ്വദേശി കെ വിജേഷ് എന്ന വിജേഷ് പിള്ളയും. ഇരുവരും ഹാജരാകാത്തതിനെത്തുടർന്ന് കേസ് ഫ്രെബ്രുവരി അഞ്ചിലേക്ക് മാറ്റി.
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ഉന്നയിച്ച ആരോപണങ്ങളിൽനിന്ന് പിന്മാറാൻ എം വി ഗോവിന്ദൻ വിജേഷ്‌പിള്ള മുഖേന 30 കോടി രൂപ വാഗ്ദാനംചെയ്‌തെന്ന് സ്വപ്‌ന ആരോപിച്ചിരുന്നു. സ്വപ്‌ന സുരേഷിനെ ഒന്നാം പ്രതിയാക്കിയും വിജേഷ്‌പിള്ളയെ രണ്ടാം പ്രതിയാക്കിയും 120ബി, 500 വകുപ്പുകൾ പ്രകാരം ക്രിമിനൽ മാനനഷ്ടക്കേസാണ് എം വി ഗോവിന്ദൻ നൽകിയത്. മെയ് രണ്ടിന് എം വി ഗോവിന്റെ മൊഴി രേഖപ്പെടുത്തി. കോടതിയിൽ ഹാജരാകാനാവശ്യപ്പെട്ട് സ്വപ്‌നയ്‌ക്കും വിജേഷ് പിള്ളയ്‌ക്കും രണ്ടുതവണ നോട്ടീസുമയച്ചു.
നോട്ടീസ് ലഭിക്കാൻ നേരിട്ട കാലതാമസത്താലാണ് ഹാജരാകാൻ സാധിക്കാതിരുന്നതെന്ന് സ്വപ്‌നയുടെ അഭിഭാഷകൻ അറിയിച്ചു. വിജേഷ് പിള്ള വക്കീൽ മുഖേന അവധിക്കപേക്ഷിക്കുകയുംചെയതു. വ്യാജ ആരോപണത്തിൽ നടപടി ആവശ്യപ്പെട്ട് സിപിഐ എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ സന്തോഷ് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. ഈ കേസിൽ ഡിസംബർ 27ന് സ്വപ്‌ന കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിൽ അന്വേഷണ ഉദ്യേഗസ്ഥർക്കുമുമ്പാകെ ഹാജരായിരുന്നു.