കൊച്ചി : എൻ ഐ എ റെയ്ഡിൽ പിടിച്ചെടുത്ത ഐ ഫോൺ വിട്ടു കിട്ടണമെന്ന് സ്വപ്ന സുരേഷ്. ഈ ആവശ്യം ഉന്നയിച്ച് ഉടൻ കോടതിയെ സമീപിക്കും. റെയ്ഡിൽ പിടിച്ചെടുത്ത ഫോണുകളിൽ ഒന്ന് മഹസറിൽ രേഖപ്പെടുത്താതെ മുക്കിയെന്നായിരുന്നു സ്വപ്നയുടെ ആരോപണം. മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരായ തെളിവുകൾ ഈ ഫോണിൽ ഉണ്ടെന്നാണ് സ്വപ്ന അവാകാശപ്പെടുന്നത്
ബംഗളൂരുവിൽ സ്വപ്ന സുരേഷ് പിടിയിലായതിന് പുറകെ തിരുവനന്തപുരത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ എൻ ഐ എ സ്വപ്നയുടെ ഫോണുകൾ പിടിച്ചെടുത്തിരുന്നു. ഇങ്ങനെ പിടിച്ചെടുത്ത ഫോണുകളിൽ ഒരു ഐ ഫോൺ മഹസർ രേഖയിൽ ഉൾപ്പെടുത്താതെ മുക്കിയെന്നാണ് സ്വപ്ന ആരോപിക്കുന്നത്. സ്വർണ്ണക്കടത്തിൽ ശിവശങ്കറും താനും നടത്തിയ സംഭാഷണങ്ങളും മുഖ്യമന്ത്രി അടക്കമുള്ളവരുടെ പങ്കും തെളിയിക്കാനുള്ള നിർണ്ണായക വാട്ട്സ് ആപ് ചാറ്റുകളും ഇമെയിൽ രേഖകളും ഈ ഫോണിൽ ഉണ്ടെന്നാണ് സ്വപ്ന പറയുന്നത്
ഇക്കാര്യം ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലും സ്വപ്ന വ്യക്തമാക്കിയിട്ടുണ്ട്. ഈ ഫോൺ ഹാജരാക്കാൻ എൻഐഎയ്ക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് അടുത്ത ദിവസം സ്വപ്ന എൻഐഎ കോടതിയെ സമീപിക്കും.കാണാതായ ഐ ഫോണിന്‍റെ കോഡ് അടക്കമുള്ള രേഖകൾ ലഭിച്ചാൽ ഉടൻ കോടതിയിൽ ഹർജി നൽകും
തന്നെ കാണാനെത്തിയ ഘടത്തിൽ എം ശിവശങ്കർ ഈ ഫോൺ ഉപയോഗിച്ച് പുതിയ ഇ മെയിൽ ഐഡിയുണ്ടാക്കി കോൺസുൽ ജനറലിനടക്കം ഇ മെയിലുകൾ അയച്ചിട്ടുണ്ടെന്നും പലതിനും ഇതിൽ മറുപടി എത്തിയിട്ടുണ്ടെന്നും സ്വപ്ന പറയുന്നുണ്ട്.ഫോൺ ലഭിച്ചാൽ ഈ രേഖകൾ വീണ്ടെടുക്കാനാകും. എന്നാൽ തെളിവ് പുറത്ത് വരാതിരിക്കാൻ ഉദ്യോഗസ്ഥർ ഫോൺ മനപ്പൂർവ്വം മാറ്റിയതാണെന്നും സ്വപ്ന ആരോപിക്കുന്നു. സ്വപ്നയുടെ ആരോപണങ്ങളോട് എൻഐഎ അധികൃതർ പ്രതികരിച്ചിട്ടില്ല.