കൊച്ചി: ലൈഫ് മിഷൻ കോഴ ഇടപാടിൽ സ്വപ്ന സുരേഷിന് വ്യക്തമായ പങ്കുണ്ടെന്നും എന്തുകൊണ്ടാണ് അവരുടെ അറസ്റ്റ് വൈകുന്നതെന്നും ഹൈകോടതി. ശിവശങ്കറിന്റെ ജാമ്യം തള്ളിയ ഉത്തരവിലാണ് കോടതിയുടെ പരാമർശങ്ങൾ. ഇത് ഗുരുതര വിഷയമാണെന്നും ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ച് വ്യക്തമാക്കി.
അതേസമയം, കേസിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ശിവശങ്കറിന് ജാമ്യം അനുവദിക്കരുതെന്ന ഇ.ഡി വാദം കോടതി അംഗീകരിക്കുകയായിരുന്നു. തെളിവ് നശിപ്പിക്കപ്പെടുമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിന്റ ജാമ്യഹരജി തള്ളിയത്. മുഖ്യമന്ത്രിയും ശിവശങ്കറും തമ്മിലുള്ള ബന്ധവും ഭരണ കക്ഷിയിലുള്ള സ്വാധീനവും കോടതി പരാമർശിച്ചു. ഇത്തരം സ്വാധീനം ഉപയോഗിച്ച് ശിവശങ്കർ തെളിവുകൾ നശിപ്പിക്കാൻ സാധ്യത കൂടുതലെന്നും കോടതി നിരീക്ഷിച്ചു.
ഗുരുതര കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടും ശിവശങ്കറിന് വീണ്ടും പ്രധാന പദവിയിൽ നിയമനം നൽകിയെന്നും സർക്കാറിലുള്ള ശിവശങ്കറിന്റെ അധികാരമാണ് ഇതിനു കാരണമെന്നും കോടതി പറഞ്ഞു.