ന്യൂഡൽഹി: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രതികരണവുമായി പ്രചാരണ രംഗത്തുനിന്ന് മാറ്റിനിർത്തപ്പെട്ട കോൺഗ്രസ് നേതാവ് ശശി തരൂർ. ഗുജറാത്തിൽ പാർട്ടിക്കായി താൻ പ്രചാരണം നടത്തിയിട്ടില്ലെന്നും അതിനാൽ തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് മറുപടി പറയാൻ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.
‘ഞാൻ കോൺഗ്രസിനായി ഗുജറാത്തിൽ പ്രചാരണത്തിനുണ്ടായിരുന്നില്ല. പ്രചാരണം നടത്താൻ നിയോഗിക്കപ്പെട്ട നേതാക്കളുടെ പട്ടികയിലും എന്റെ പേരുണ്ടായിരുന്നില്ല. അവിടെ പോയി പ്രചാരണം നടത്താനോ അവിടുത്തെ സാഹചര്യം മനസ്സിലാക്കാനോ സാധിക്കാത്തതിനാൽ, തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് മറുപടി നൽകാൻ എനിക്ക് ഏറെ പ്രയാസമുണ്ട്. ഹിമാചൽ പ്രദേശിൽ ബി.ജെ.പിക്കെതിരായ ഭരണവിരുദ്ധ വികാരം കോൺഗ്രസിനെ തുണച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. പക്ഷെ, ഗുജറാത്തിൽ അതുണ്ടായില്ല. ആം ആദ്മി പാർട്ടി പിടിച്ച വോട്ടുകളും കോൺഗ്രസിന്റെ വോട്ട് കുറയാൻ ഇടയാക്കിയിട്ടുണ്ട്’, തരൂർ പറഞ്ഞു.
മല്ലികാർജുൻ ഖാർഗെക്കെതിരെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതിന് പിന്നാലെ ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും കോൺഗ്രസ് താര പ്രചാരകരുടെ പട്ടികയിൽനിന്ന് തരൂരിനെ ഒഴിവാക്കിയിരുന്നു.