അഫ്ക്കാനിസ്ഥാന്‍: തുണിക്കടകളില്‍ ആളുകളെ ആകര്‍ഷിക്കാന്‍ വെക്കുന്ന ബൊമ്മകളുടെ തല കൊയ്യണമെന്ന് താലിബാന്‍ ഉത്തരവ്. ഇസ്‌ലാം നിഷിദ്ധമാക്കിയ വിഗ്രഹങ്ങളുടെ പകര്‍പ്പാണ് ഇത്തരം ബൊമ്മകളെന്ന് പറഞ്ഞാണ് താലിബാന്‍ വ്യാപാരികള്‍ക്ക് ഈ നിര്‍ദേശം നല്‍കിയതെന്ന് ബ്രിട്ടീഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. അനിസ്‌ലാമികമായതിനാല്‍, തുണിക്കടകളിലുള്ള ഈ ബൊമ്മകളുടെ തല അറുത്തുകളയണെമന്നാണ് താലിബാന്റെ ഉത്തരവ്. അഫ്ഗാനിസ്താനിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ ഹെറാത്തിലാണ് ഈ നിയമം ആദ്യം കര്‍ശനമാക്കിയത്. ഇവിടെയുള്ള തുണിക്കട ഉടമകളോട് കടകളില്‍ നിരത്തി വെച്ചിരിക്കുന്നു സ്ത്രീകളുടെ ബൊമ്മകളുടെ തലകള്‍ നീക്കം ചെയ്യണമെന്ന് താലിബാന്‍ ആവശ്യപ്പെട്ടു. ഇസ്‌ലാമിക കാര്യങ്ങള്‍ക്കായുള്ള പ്രത്യേക മന്ത്രാലയമാണ് ഇതിനുള്ള നിര്‍ദേശം പുറപ്പടുവിച്ചതെന്ന് ബ്രിട്ടീഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ നിര്‍ദേശം ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നാണ് താലിാബന്‍ പ്രാദേശിക ഘടകം വ്യാപാരികളെ അറിയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കടകളില്‍ സ്ഥാപിച്ചിരിക്കുന്ന സ്ത്രീകളുടെ ബൊമ്മയെ നോക്കിനില്‍ക്കുന്നത് ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങളുടെ ലംഘനമാണെന്നാണ് താലിബാന്‍ പ്രാദേശിക ഘടകം പറയുന്നതെന്ന് അഫ്ഗാന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. അന്യ സ്ത്രീകളെ നോക്കരുതെന്നാണ് ഇസ്‌ലാമിക ശാസനങ്ങള്‍. ഇൗ നിയമങ്ങളുടെ ലംഘനമാണ് ബൊമ്മകളെ നോക്കിനില്‍ക്കുന്നതെന്നാണ് താലിബാന്‍ ഉത്തരവില്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ ബൊമ്മകളെ പൂര്‍ണ്ണമായി നീക്കം ചെയ്യുകയാണ് വേണ്ടതങ്കിലും ആദ്യ പടിയായി ഈ ബൊമ്മകളുടെ തല മുറിച്ചുമാറ്റിയാല്‍ മതിയെന്നാണ് താലിബാന്‍ ഉത്തരവില്‍ പറയുന്നത്. വിലകൂടിയ ബൊമ്മകളുടെ തല മുറിച്ചുമാറ്റാനുള്ള താലിബാന്‍ നിര്‍ദേശത്തില്‍ വ്യാപാരികള്‍ നിരാശരാണെന്ന് റാഹാ പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വലിയ വില കൊടുത്ത് വാങ്ങിയ ബൊമ്മകളുടെ തല മുറിച്ചു മാറ്റുന്നത് നഷ്ടമാണെന്നാണ് വ്യാപാരികള്‍ പറയുന്നത്.
താലിബാന്‍ അധികാരത്തില്‍ എത്തിയ ഉടനെയാണ് മതകാര്യങ്ങള്‍ നടപ്പാക്കുന്നതിന് വേണ്ടിയുള്ള പ്രത്യേക മന്ത്രാലയം നിലവില്‍ വന്നത്. സ്ത്രീകളുടെ ക്ഷേമത്തിനു വേണ്ടിയുള്ള മന്ത്രാലയം അടച്ചുപൂട്ടിയാണ് തല്‍സ്ഥാനത്ത് പുതിയ മന്ത്രാലയം നിലവില്‍ വന്നത്. സദാചാര കാര്യങ്ങളില്‍ കര്‍ശന നിലപാട് സ്വീകരിക്കുകയാണ് മന്ത്രാലയത്തിറെ ഉദ്ദേശ്യമെന്ന് പറയുന്നുണ്ടെങ്കിലും സ്ത്രീകള്‍ അനുഭവിച്ചിരുന്ന അവകാശങ്ങള്‍ ഇല്ലാതാക്കാനും അവരെ രണ്ടാം തരം പൗരന്‍മാരാക്കാനുമാണ് പുതിയ മന്ത്രാലയം പ്രധാനമായും പരിഗണന നല്‍കുന്നതെന്നാണ് വിമര്‍ശനം. പുരുഷന്‍മാര്‍ കൂടെയില്ലാത്ത സ്ത്രീകളെ ദീര്‍ഘദൂര യാത്രകള്‍ക്ക് കൊണ്ടുപോവരുതെന്ന് താലിബാന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതായി കഴിഞ്ഞ ആഴ്ച ന്യൂസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് കടകളിലുള്ള ബൊമ്മകള്‍ക്കു നേരെയുള്ള പുതിയ നടപടി.