ചെന്നൈ: റോഡപകടത്തിൽ പരിക്കേൽക്കുന്നവരുടെ ജീവൻ രക്ഷിക്കുന്നതിനായി ‘ഇന്നുയിർ കാപ്പോൻ’ എന്ന പേരിൽ സഹായ പദ്ധതിയുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. അപകടത്തിൽ പരിക്കേൽക്കുന്നവർക്ക് ആദ്യ 48 മണിക്കൂറിനുള്ളിൽ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതാണ് ശനിയാഴ്ച തുടക്കമിട്ട പദ്ധതി.
അപകടത്തിൽപെടുന്നവർക്ക് 48 മണിക്കൂറിനുള്ളിൽ തന്നെ ചികിത്സ ലഭ്യമാക്കാനും ജീവൻ രക്ഷിക്കാനും സംസ്ഥാനത്തെ 408 സ്വകാര്യ ആശുപത്രികളിലും 201 സർക്കാർ ആശുപത്രികളിലും സംവിധാനം ഒരുക്കും.
81 ജീവൻരക്ഷാ ചികിത്സകൾ പദ്ധതിപ്രകാരം ലഭിക്കും. അപകടത്തിൽ പെടുന്നയാൾക്ക് പരമാവധി ഒരു ലക്ഷം രൂപയുടെ വരെ ചികിത്സ പരിരക്ഷ ലഭിക്കും. മുഖ്യമന്ത്രിയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ (സി.എം.സി.എച്ച്.ഐ.എസ്) ഗുണഭോക്താക്കളായവർക്കും അല്ലാത്തവർക്കും ആനുകൂല്യം ലഭിക്കും.
സി.എം.സി.എച്ച്.ഐ.എസ് പദ്ധതിയുടെ ഭാഗമായവർക്ക് അതേ ആശുപത്രിയിൽ തന്നെ തുടർ ചികിത്സ ലഭിക്കും. ഈ ഇൻഷുറൻസിലോ മറ്റ് ഇൻഷുറൻസിലോ ഉൾപ്പെടാത്തവർക്ക് അവരുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം മറ്റ് സർക്കാർ ആശുപത്രികളിൽ ചികിത്സ ലഭ്യമാക്കും. ആരോഗ്യാവസ്ഥ മെച്ചപ്പെട്ട ശേഷം ഇഷ്ടാനുസരണം ആരോഗ്യ ഇൻഷുറൻസ് മുഖേനയോ അല്ലെങ്കിൽ പണം ചെലവഴിച്ചോ മറ്റ് ആശുപത്രികളിലേക്ക് മാറാനുള്ള അവസരവും ഉണ്ട്.