ദില്ലി: വിവാദ ചലച്ചിത്രം കേരള സ്റ്റോറിക്ക് പ്രദർശന വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് തമിഴ്‌നാട് സർക്കാർ. സുപ്രീം കോടതിയിൽ തമിഴ്‌നാട് പൊലീസ് എഡിജിപി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. സിനിമയുടെ റിലീസിന് ശേഷം പ്രേഷകരുടെ മോശം പ്രതികരണം മൂലം മൾട്ടിപ്ലക്സ് ഉടമകൾ കേരള സ്റ്റോറിയുടെ പ്രദർശനം നിർത്തിവെക്കുകയായിരുന്നുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
വിവാദ ചിത്രം ദി കേരള സ്റ്റോറി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.ഇന്നലെ ഹർജി ലിസ്റ്റ് ചെയ്തെങ്കിലും സമയക്കുറവ് മൂലം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. നിരോധനത്തിന് വിസമ്മതിച്ച കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെയാണ് ഹർജി സമർപ്പിച്ചത്. പശ്ചിമ ബംഗാളിലെ നിരോധത്തിനെതിരായ ഹർജി ബുധനാഴ്ച്ചയാണ് കോടതി പരിഗണിക്കുക.