ചെന്നൈ: തമിഴ്നാട്ടിലെ സേലത്ത് ഡോ. ബി.ആർ. അംബേദ്ക്കറിന്‍റെ പ്രതിമ അജ്ഞാതർ തകർത്തനിലയിൽ. ശനിയാഴ്ച രാത്രിയാണ് പ്രതിമ തകർത്തത്. ഞായറാഴ്ച രാവിലെ അംബേദ്ക്കറിന്‍റെ പ്രതിമയുടെ ഒരു കൈ തകർത്ത നിലയിലായിരുന്നു.
ഓമലൂർ നഗരത്തിലെ കമലാപുരം കോളനിയിലാണ് പ്രതിമ സ്ഥാപിച്ചിരുന്നത്. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ റോഡ് തടഞ്ഞ് പ്രതിഷേധം നടത്തി. അക്രമികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
പ്രദേശവാസികൾ റോഡ് തടയൽ സമരം നടത്തിയതിനെ തുടർന്ന് സേലം – ബംഗളൂരു ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. തുടർന്ന് ഒമലൂർ പോലീസെത്തി പ്രതിഷേധക്കാരുമായി സംസാരിച്ച് ഗതാഗതം പുനസ്ഥാപിച്ചു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചശേഷം നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.