തിരൂരങ്ങാടി: താനൂർ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ തിരൂരങ്ങാടി മമ്പുറം സ്വദേശി താമിർ ജിഫ്രി (30) മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് സഹോദരൻ ഹാരിസ് അറിയിച്ചു. പൊലീസിന്റെ ക്രൂരമർദനത്തെ തുടർന്നാണ് മരണമെന്നതിനാൽ താനൂർ പൊലീസിനെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും സഹോദരൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.താനൂർ ദേവധാർ പാലത്തിന് സമീപത്തുനിന്നാണ് താമിറിനെ പിടികൂടിയതെന്ന പൊലീസ് ഭാഷ്യം കള്ളമാണ്. ചേളാരിക്ക് സമീപത്തെ ചെനക്കലിലെ ക്വാർട്ടേഴ്സിൽനിന്നാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടടുക്കുന്ന സമയത്ത് പൊലീസ് കൊണ്ടുപോയതിന് സാക്ഷികളുണ്ട്. കുളിക്കുകയായിരുന്ന താമിറിനെ അടിവസ്ത്രത്തോടെയാണ് കൊണ്ടുപോയത്. മറ്റ് അഞ്ചുപേരെക്കൂടി പൊലീസ് പിടിച്ചുകൊണ്ടുപോയതായും സഹോദരൻ പറഞ്ഞു.
തുടർന്ന് താനൂരിലെ രഹസ്യകേന്ദ്രത്തിൽ മർദിക്കുകയായിരുന്നു. വീട്ടുകാരുമായി ബന്ധപ്പെടാൻ പോലും സമ്മതിച്ചില്ല. മറ്റുള്ളവരെക്കുറിച്ചുള്ള വിവരം തങ്ങൾക്കറിയില്ലെന്നും മറ്റുള്ളവരുടെ കേസും താമിറിന്റെ തലയിൽ വെച്ചുകെട്ടുകയായിരുന്നെന്നും ഹാരിസ് പറഞ്ഞു. അനിയൻ കടുത്ത ലഹരിക്കടിമയാണെന്ന് വരുത്തി കൊലപാതകം മറച്ചുവെക്കാനാണ് ശ്രമം.
അന്വേഷണ ഉദ്യോഗസ്ഥരോ അധികൃതരോ ഇതുവരെ കുടുംബത്തെ ബന്ധപ്പെട്ടിട്ടില്ല. പ്രാഥമിക പോസ്റ്റ്മോർട്ട റിപ്പോർട്ടിൽ ഇരുപതോളം മുറിവുകളുണ്ടെന്നും നെഞ്ചിലും കാലിലും നീര് കെട്ടിയ പാടുണ്ടെന്നും ഇത് മർദനത്തെ തുടർന്നാണെന്നും സഹോദരൻ പറഞ്ഞു.