ബെംഗളൂരു: കർണ്ണാടകയിൽ ചിക്കബെല്ലാപുരയിൽ വാഹനാപകടത്തിൽ 12 പേർ മരിച്ചു. വ്യാഴാഴ്ച പുലർച്ചെ ഏഴുമണിയോടെ ചിക്കബെല്ലാപുര ട്രാഫിക്ക് പൊലീസ് സ്റ്റേഷന്സമീപത്തായായിരുന്നു അപകടം. നിർത്തിയിട്ട ടാങ്കർ ലോറിയിലേക്ക് ടാറ്റാ സുമോ കാർ പാഞ്ഞുകയറിയാണ് അപകടം. അപകടത്തിൽ 3 സ്ത്രീകളും 9 പുരുഷന്മാരുമാണ് മരിച്ചത്. ബാഗേപള്ളിയിൽ നിന്നും ചിക്കബെല്ലാപുരയിലേക്ക് വന്ന കാർ ആണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. കർണാടകയിലെ ചിക്കബല്ലാപ്പൂരിൽ ദേശീയ പാത 44 ൽ ആണ് അപകടം സംഭവിച്ചത്. അപകടം നടക്കുമ്പോള്‍ കാറിൽ 14 പേരാണ് ഉണ്ടായിരുന്നത്. ഇവരിൽ 5 പേർ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചതായാണ് വിവരം. ഒരാൾക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്ത മൂടൽ മഞ്ഞ് മൂലം ഡ്രൈവർക്ക് റോഡ് കാണാതായതാകാം അപകട കാരണമെന്നാണ് പ്രാഥമിക വിവരം. കാർ ടാങ്കർ ലോറിയുടെ പിന്നിലേക്ക് ഇടിച്ച് കയറിയ നിലയിലാണ്. ജോലിക്ക് പോകുന്ന ആളുകളുമായി വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്.