മഴക്കാലമെത്തുന്നതോടെ രോഗങ്ങളുടെ കൂടി വരവാണ്. പ്രധാനമായും ജലദോഷം, പനി, ചുമ പോലുള്ള അണുബാധകളാണ് മഴക്കാലത്ത് എത്തുന്ന രോഗങ്ങള്‍. ഇവയെല്ലാം തന്നെ അധികവും രോഗ പ്രതിരോധശേഷിയുടെ കുറവ് മൂലമാണ് പെട്ടെന്ന് പിടിപെടുക.
ഇക്കാരണം കൊണ്ട് തന്നെ മഴക്കാലമെത്തുമ്പോള്‍ നമ്മള്‍ രോഗപ്രതിരോധ ശേഷിക്ക് കാര്യമായ പ്രാധാന്യം നല്‍കേണ്ടതുണ്ട്. ജീവിതരീതികളിലൂടെ, സവിശേഷിച്ച് ഡയറ്റിലൂടെയാണ് ഇതിനൊരു മുന്നൊരുക്കം നടത്താനാവുക. ഇത്തരത്തില്‍ മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്നൊരു ചായയെ ആണിനി പരിചയപ്പെടുത്തുന്നത്.
ഇഞ്ചി- ഇരട്ടിമധുരം എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ചായയാണിത്. ഇഞ്ചിച്ചായയെ കുറിച്ച് മിക്കവര്‍ക്കും അറിയാം. എന്നാല്‍ ഇരട്ടിമധുരം ഇന്ന് അങ്ങനെ വീടുകളില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നല്ല. ഇരട്ടിമധുരം പല ഔഷധഗുണങ്ങളുമുള്ളൊരു ചേരുവയാണ്.
ദഹനസംബന്ധമായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും ശ്വാസകോശസംബന്ധമായ ചില പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമെല്ലാം പരമ്പരാഗതമായിത്തന്നെ ഉപയോഗിച്ചുവരുന്നൊരു മരുന്നാണ് ഇരട്ടിമധുരം.
ഇഞ്ചി ആയാലും ഇരട്ടിമധുരം ആയാലും ആദ്യം തന്നെ ഇവയ്ക്കുള്ള ഗുണം, മഴക്കാലത്തെ അണുബാധകള്‍ക്ക് കാരണമാകുന്ന രോഗാണുക്കളെ ചെറുക്കാൻ നമ്മെ സഹായിക്കുമെന്നത് തന്നെയണ്. അതുപോലെ തന്നെ ഈ അണുബാധകള്‍ ബാധിക്കപ്പെട്ടാല്‍ ആശ്വാസം നല്‍കുന്നതിനും ഇവ സഹായിക്കുന്നു.
തൊണ്ടവേദനയുള്ളവര്‍ക്ക് അതില്‍ നിന്ന് ആശ്വാസം ലഭിക്കാനും, ദഹനം എളുപ്പത്തിലാക്കാനുമെല്ലാം ഇഞ്ചി- ഇരട്ടിമധുരം ചായ സഹായിക്കുന്നു. ഇനിയിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് കൂടി നോക്കാം.
ചായയ്ക്ക് വേണ്ട വെള്ളം തിളപ്പിക്കാൻ വച്ച്, തിളച്ചുകഴിയുമ്പോള്‍ ഇതിലേക്ക് തേയിലയ്ക്കൊപ്പം ഇരട്ടിമധുരം, ഇഞ്ചി ഗ്രേറ്റ് ചെയ്തത്, പഞ്ചസാര ആവശ്യമെങ്കില്‍ അത് എന്നിവ ചേര്‍ത്ത് രണ്ടോ മൂന്നോ മിനുറ്റ് കൂടി തിളപ്പിച്ച ശേഷം വാങ്ങിവയ്ക്കാം. ഇനിയിത് അരിച്ചെടുത്ത് കഴിക്കാവുന്നതാണ്. ഇതില്‍ പഞ്ചസാരയ്ക്ക് പകരം തേൻ ഉപയോഗിക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരം.