തിരുവനന്തപുരം : ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന വ്യാജേന തലസ്ഥാനത്തെ പ്രമുഖ സ്കൂളിലെ അധ്യാപികയെ കാറിൽ തട്ടിക്കൊണ്ടുപോയി പണവും സ്വർണവും കവരാൻ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റുചെയ്തു.ആലുവ കിഴക്കുംഭാഗം സ്വദേശിയായ വെട്ടുകാട് ബാലനഗർ ഭാഗത്ത് താമസിക്കുന്ന ജനീഷ് ജയിംസി(36)നെയാണ് വഞ്ചിയൂർ പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനാണെന്നും ഒരു കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പറഞ്ഞാണ് അധ്യാപികയെ ബലമായി ഇയാൾ കാറിൽ കയറ്റിയത്. തുടർന്ന് അധ്യാപികയോട് പണവും സ്വർണവും ആവശ്യപ്പെട്ട ജനീഷ് രക്ഷപ്പെടാൻ ശ്രമിച്ച അധ്യാപികയെ ആക്രമിക്കുകയും ചെയ്തു.
അധ്യാപികയുടെ പരാതിയിൽ കേസെടുത്ത പോലീസ് രഹസ്യവിവരത്തെത്തുടർന്ന് ആനയറ ഭാഗത്തുനിന്ന് ജനീഷിനെ അറസ്റ്റുചെയ്യുകയായിരുന്നു. ഇയാൾക്കെതിരേ എറണാകുളം റെയിൽവേ പോലീസ്, അടിമാലി, തൃശ്ശൂർ ഈസ്റ്റ്, ആലുവ എന്നീ സ്റ്റേഷനുകളിൽ മോഷണക്കേസുകൾ നിലവിലുണ്ട്.തമ്പാനൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത മോഷണക്കേസിൽ 2017-ൽ ഇയാളെ ശിക്ഷിച്ചിരുന്നു. വഞ്ചിയൂർ സി.ഐ. ഡിപിൻ വി.വി., എസ്.ഐ.മാരായ ഉമേഷ്, ജയപ്രകാശ്, ജസ്റ്റിൻ മോസസ്, എ.എസ്.ഐ. ബിന്ദു, സി.പി.ഒ.മാരായ ജോസ്, ടിനു ബർണാഡ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.