കൊല്ലം : പെന്‍ഷനായ അധ്യാപകരുടെ ഒഴിവുകളിലേക്കു നിയമനത്തിനുള്ള അഭിമുഖം നടത്താനാകാത്തതു മൂലം എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പല വിഷയങ്ങള്‍ക്കും അധ്യാപകരില്ലാത്ത സ്ഥിതി. ഇന്റര്‍വ്യൂ ബോര്‍ഡിലേക്കു ഗവ. നോമിനിയെ അനുവദിച്ചു കിട്ടുന്നതിനുള്ള കാലതാമസം മൂലമാണ് അഭിമുഖങ്ങള്‍ നടത്താന്‍ സാധിക്കാത്തത്. ഹയര്‍സെക്കന്‍ഡറിയില്‍ പല വിഷയങ്ങള്‍ക്കും സ്‌കൂളില്‍ ഒരധ്യാപകന്‍ മാത്രമാണ് ഉണ്ടാകുക. ഇദ്ദേഹം വിരമിക്കുന്നതോടെ പകരം അധ്യാപകനില്ലാതെ പഠനം മുടങ്ങുന്ന സ്ഥിതിയാണ്. പെന്‍ഷന്‍ തസ്തികകള്‍ പുതിയ തസ്തികകള്‍ അല്ലാത്തതു കൊണ്ട് തന്നെ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍, നിര്‍ദേശിക്കപ്പെട്ട പട്ടികയിലുള്ള ഗവ. നോമിനിയെ ഉള്‍പ്പെടുത്തി ഇന്റര്‍വ്യൂ നടത്തി അധ്യാപകനെ തിരഞ്ഞെടുത്ത് നിയമനാനുമതിക്കായി റീജനല്‍ ഡയറക്ടറേറ്റിലേക്ക് അയയ്ക്കാറായിരുന്നു പതിവ്.
ഇപ്പോള്‍ അഭിമുഖം നടത്തുന്നതിനു മുന്‍പു തന്നെ, ഗവ. നോമിനിയെ ലഭ്യമാക്കാന്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന രീതിയില്‍ നടപടി ക്രമം പരിഷ്‌കരിച്ചു. ഇതുമൂലം നിയമനം അനന്തമായി നീളുമെന്ന പരാതി ഉയര്‍ന്നപ്പോള്‍, അപേക്ഷ ലഭിച്ചാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഗവ. നോമിനിയെ അനുവദിക്കുമെന്ന് മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. സ്‌കൂള്‍ മാനേജരുടെ അപേക്ഷ ഹയര്‍സെക്കന്‍ഡറി റീജനല്‍ ഡയറക്ടറേറ്റിലേക്കും അവിടെ നിന്നു ഡയറക്ടറിലേക്കും തുടര്‍ന്ന് സര്‍ക്കാരിലേക്കും പോയാണ് അനുമതി ലഭ്യമാകേണ്ടത്. എന്നാല്‍ ബന്ധപ്പെട്ട ഓഫിസുകള്‍ ഈ അപേക്ഷ മുകളിലേക്ക് അയയ്ക്കാതെ പിടിച്ചു വയ്ക്കുന്നെന്ന് ആക്ഷേപമുണ്ട്. ഗവ. നോമിനിമാരുടെ ലിസ്റ്റ് കൃത്യമായി പ്രസിദ്ധീകരിക്കാറുണ്ടെങ്കിലും അഭിമുഖത്തിന് ഇവരെ ലഭ്യമാക്കാനുള്ള നടപടികള്‍ ഇഴയുകയാണെന്നാണ് മാനേജ്‌മെന്റുകളുടെ പരാതി.
ഹൈസ്‌കൂള്‍ തലം വരെയുള്ള അധ്യാപക നിയമനങ്ങള്‍ക്ക് അക്കാദമിക വര്‍ഷാരംഭത്തില്‍ തന്നെ അനുമതി ലഭിച്ചിരുന്നു. ഇവിടെ നിയമന അഭിമുഖത്തിന് ഗവ. നോമിനി വേണമെന്ന നിബന്ധനയില്ല. ഇവിടെ ജില്ലാ ഓഫിസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമായതുകൊണ്ട് ഫയല്‍ സമര്‍പ്പിച്ച് രണ്ടാഴ്ച കൊണ്ട് തന്നെ നിയമനാനുമതി ലഭിക്കാറുണ്ട്. ഹൈസ്‌കൂള്‍ തലം വരെയുള്ള നിയമന നടപടികള്‍ സമന്വയ പോര്‍ട്ടല്‍ വഴിയാണ്. ഹയര്‍ സെക്കന്‍ഡറിയില്‍ ഇതു നടപ്പാക്കിയിട്ടുമില്ല. ഹയര്‍ സെക്കന്‍ഡറി നിയമനങ്ങളും സമന്വയ പോര്‍ട്ടല്‍ വഴിയാക്കിയാല്‍ സുതാര്യത ഉറപ്പാക്കാനാകുമെന്നും അനാവശ്യമായ കാലതാമസം ഒഴിവാക്കാനാകുമെന്നും എയ്ഡഡ് സ്‌കൂള്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.