കുളത്തൂപ്പുഴ: കോവിഡ് വ്യാപനകാലത്ത് പ്രഥമാധ്യാപകരില്ലാത്ത സ്കൂളുകളില്‍ അധിക ചുമതല വഹിച്ച അധ്യാപകര്‍ക്ക് വേതനം അനുവദിച്ചു നല്കാന് തയാറാകാതെ അധികൃതരുടെ പ്രതിഷേധമുയരുന്നു. പ്രഥമാധ്യാപകരുടെ ഉദ്യോഗക്കയറ്റം സംബന്ധിച്ച മുന്‍ഗണനാ പട്ടികയില്‍ ക്രമക്കേട് നടന്നതായുള്ള ആരോപണത്തെ തുടര്‍ന്ന് അധ്യാപക സംഘടനകള്‍ കോടതിയെ സമീപിച്ചതോടെ സര്‍ക്കാറിന് പുതിയ നിയമനം നടത്താനാകാത്ത അവസ്ഥ സംജാതമായി. വിരമിച്ച അധ്യാപകരുടെ തസ്തികകളില്‍ നിയമനം നടത്താന്‍ കഴിയാതെ വന്നതോടെ അതത് വിദ്യാലയങ്ങളിലെ സീനിയര്‍ അധ്യാപകരില്‍ ഒരാള്‍ക്ക് പ്രഥമാധ്യാപകന്റെ സമ്പൂര്‍ണ അധിക ചുമതല നല്കി.
ഒന്നര വര്‍ഷത്തെ ഇടവേളക്കു ശേഷം 2021 നവംബറില്‍ സ്കൂള്‍ വീണ്ടും തുറക്കുന്നതിനു മുമ്പായാണ് നിയമന തടസ്സം മറികടന്ന് പലയിടത്തും പുതുതായി പ്രഥമാധ്യാപകരെ നിയമിച്ചത്. ഇതിനിടെ മാസങ്ങളോളം പ്രഥമാധ്യാപകരുടെ സമ്പൂര്‍ണ അധിക ചുമതല വഹിച്ച അധ്യാപകര്‍ക്ക് കേരള എജുക്കേഷനല്‍ റൂള്‍ (കെ.ഇ.ആര്) പ്രകാരം നാലു ശതമാനം ചാര്‍ജ് അലവന്‍സിന് അര്‍ഹതയുണ്ടെന്നിരിക്കെ, രണ്ടു വര്‍ഷമായിട്ടും അനുവദിച്ചുനല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് തയാറായിട്ടില്ല.
വിവിധ ഉപ ജില്ല വിദ്യാഭ്യാസ ഓഫിസുകളില്‍ ലഭിച്ച അപേക്ഷകളെല്ലാം തന്നെ സര്‍ക്കാര്‍ ഉത്തരവില്ലെന്ന കാരണത്താല്‍ നിരസിക്കുകയായിരുന്നെന്ന് അധ്യാപകര്‍ പറയുന്നു. വേനലവധിക്കാലമായ ഏപ്രില്‍, മേയ് മാസങ്ങളില്‍ പ്രഥമാധ്യാപകരുടെ ചുമതല വഹിച്ച വകയില്‍ ലഭിക്കേണ്ട സറണ്ടര്‍ ആനുകൂല്യത്തിനായി അപേക്ഷിച്ചവര്‍ക്കും വേനലവധി എന്നു മുതല്‍ എന്നുവരെ എന്നത് സംബന്ധിച്ച് ഉത്തരവോ, സര്‍ക്കുലറോ ലഭിച്ചിട്ടില്ലെന്നും അതിനാല്‍ തന്നെ അനുവദിക്കാന്‍ കഴിയില്ലെന്നുമാണ് മറുപടി ലഭിച്ചത്. വിവിധ അധ്യാപക സംഘടനകള്‍ ഇതു സംബന്ധിച്ച് സര്‍ക്കാറിന്റെയോ വകുപ്പ് മന്ത്രിയുടെയോ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരാന്‍ തയാറാകാതെ നിസ്സംഗത പാലിക്കുന്നതിലും അധ്യാപകര്‍ക്കിടയില്‍ അമര്‍ഷമുണ്ട്.