ബംഗളൂരു: കർണാടകയിലെ കൽബുർഗിയിലുള്ള ജെവർഗിയിൽ ഹിജാബ് ധരിച്ച പെൺകുട്ടിയെ എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ അനുവദിച്ചതിന് രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തു. ഹിജാബ് ധരിച്ച പെൺകുട്ടിയെ പരീക്ഷയെഴുതാന്‍ അനുവദിച്ചതിനെതിരെ ജെവർഗി താലൂക്ക് ശ്രീരാമസേന പ്രസിഡന്‍റ് നിംഗനഗൗഡ മാലിപാട്ടിൽ നൽകിയ പരാതിയിമേലാണ് നടപടി. ഡി.ഡി.പി.ഐക്ക് മാലിപാട്ടിൽ നേരിട്ട് പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ഡി.ഡി.പി.ഐ പരീക്ഷാ സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. സൂപ്രണ്ടിന്റെ അന്വേഷണത്തിലാണ് അൽറു സർക്കാർ ഹൈസ്‌കൂളിലെ അധ്യാപകൻ ഹയാദ് ഭഗ്‌വൻ, കൊടച്ചി സർക്കാർ ഹയർ പ്രൈമറി സ്‌കൂളിലെ അധ്യാപകൻ മഞ്ജുനാഥ് എന്നിവർ പരീക്ഷ എഴുതാന്‍ അനുവദിച്ചതായി കണ്ടെത്തിയത്. ഇരുവരെയും സസ്പെന്‍റഡ് ചെയ്യുന്നതായി അധികൃതർ അറിയിച്ചു.കഴിഞ്ഞ ദിവസം സമാനമായി ഗദഗ് ജില്ലയിൽ ഹിജാബ് ധരിച്ച പെൺകുട്ടികളെ പത്താം ക്ലാസ് പരീക്ഷ എഴുതാൻ അനുവദിച്ചതിന് ഏഴ് അധ്യാപകരെ സസ്പെൻഡ് ചെയ്തിരുന്നു.