തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിൻ ഇന്നും വൈകിയോടുന്നു. തിരുവനന്തപുരം കാസർഗോഡ് വന്ദേ ഭാരത് എക്സ്പ്രസ് പുറപ്പെട്ടത് ഒരു മണിക്കൂർ വൈകി. 5.20 നു പുറപെടേണ്ട ട്രെയിൻ തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടത് 6.28 നായിരുന്നു. സാങ്കേതിക തകരാർ മൂലം ഇന്നലെ വൈകി ആണ് ട്രെയിൻ തിരുവനന്തപുരത്ത് എത്തിയത്.
ഇന്നലെ കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേ ഭാരത് എക്സ്പ്രസ് വഴിയിൽ പിടിച്ചിട്ടിരുന്നു. ഒരു മണിക്കൂറിലേറെ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ പിടിച്ചിട്ട വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പിന്നീട് ഇവിടെ നിന്ന് പുറപ്പെട്ടെങ്കിലും അധികം വൈകാതെ വീണ്ടും പിടിച്ചിടുകയായിരുന്നു. എഞ്ചിൻ തകരാറാണ് ട്രെയിൻ വഴിയിൽ കുടുങ്ങാൻ കാരണമെന്നാണ് വിവരം.
മൂന്നരയ്ക്ക് പുറപ്പെടേണ്ട ട്രെയിൻ അഞ്ച് മണിക്ക് ശേഷമാണ് കണ്ണൂരിൽ നിന്ന് പുറപ്പെട്ടത്. ഇലക്ട്രിക് ഡോർ അടയാതിരുന്നതാണ് പ്രശ്നമായതെന്നാണ് റെയിൽവെ പറയുന്നത്. എന്നാൽ കംപ്രസർ തകരാറിനെ തുടർന്ന് ട്രെയിനിന്റെ എഞ്ചിൻ ഓഫായി. എസി പ്രവർത്തിക്കാതെ വന്നതോടെയാണ് ട്രെയിനിൽ ഉണ്ടായിരുന്ന യാത്രക്കാർ ഏറെ ബുദ്ധിമുട്ടിയിരുന്നു.
ആദ്യം എഞ്ചിൻ തകരാർ കാരണം ട്രെയിൻ യാത്ര തടസ്സപ്പെട്ടെങ്കിൽ പിന്നീട് മറ്റ് ട്രെയിനുകൾക്കായി പിടിച്ചിടേണ്ട അവസ്ഥ വന്ദേഭാരതിന് ഇന്നലെ വന്നിരുന്നു. ട്രെയിന്‍ വൈകിയത് മൂലം വിമാനം മിസ് ആവുന്നത് തടയാനായി കരിപ്പൂർ വിമാനത്താവളത്തിൽ പോകേണ്ടവർക്കായി ട്രെയിൻ ഫറോക്കിൽ ഒരു മിനിറ്റ് നിർത്തിയിരുന്നു. ഇതിന് പിന്നാലെ കടലുണ്ടിയിലും നിര്‍ത്തിയിരുന്നു. ഇത്തരത്തില്‍ ഏറെ വൈകി തിരുവനന്തപുരത്ത് എത്തിയ ട്രെയിന്‍ ഇന്ന് രാവിലെ പുറപ്പെടാനും വൈകുകയായിരുന്നു.