തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി, ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ വിമര്‍ശിച്ച് മുന്‍ മുഖ്യതിരഞ്ഞെടുപ്പ് ഒാഫിസര്‍ ടിക്കാറാം മീണയുടെ ആത്മകഥ. ‘തോല്‍ക്കില്ല ഞാന്‍’ എന്ന പേരിലെഴുതിയ പുസ്തകം ചൊവ്വാഴ്ച തിരുവനന്തപുരത്തുവച്ചു പ്രകാശനം ചെയ്യും. സര്‍വീസില്‍നിന്നു വിരമിക്കും മുന്‍പ് ആത്മകഥ പ്രകാശനം ചെയ്യുന്നതിന് മീണ അനുവാദം ചോദിച്ചെങ്കിലും സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നില്ല.
ഇ.കെ. നായനാര്‍, കെ.കരുണാകരന്‍ എന്നിവരുടെ ഭരണകാലത്ത് നേരിട്ട ദുരനുഭവങ്ങള്‍ എണ്ണിപ്പറയുന്നതാണ് ടിക്കാറാം മീണയുടെ ആത്മകഥ. സിവില്‍ സര്‍വീസിന്‍റെ ആദ്യകാലം മുതല്‍ വിട്ടുവീഴ്ചയില്ലാതെ സത്യസന്ധമായിട്ടാണ് താൻ പ്രവര്‍ത്തിച്ചെന്ന് ടിക്കാറാം മീണ പറയുന്നു. അതിന്‍റെ പേരില്‍ നേരിടേണ്ടി വന്ന നിരന്തരമായ വേട്ടയാടലിനെക്കുറിച്ച് പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. തൃശൂര്‍ കലക്ടറായിരുന്നപ്പോള്‍ വ്യാജ കള്ളു നിര്‍മാതാക്കള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചു. അതിനു പിന്നാലെ സ്ഥലംമാറ്റവും വന്നു.
കള്ളു നിര്‍മാതാക്കള്‍ക്കെതിരെ നടപടിയെടുത്തതില്‍ അന്നത്തെ എക്സൈസ് മന്ത്രി നേരിട്ട് വിളിച്ച് അതൃപ്തി അറിയിച്ചിരുന്നു. ഇതിനുപിന്നിൽ പ്രവര്‍ത്തിച്ചത് ഇ.കെ.നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി.ശശിയാണെന്നും പരോക്ഷമായി ആരോപണമുന്നയിക്കുന്നുണ്ട്. എല്ലാം പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഉപദേശപ്രകാരമാണെന്ന് ഇ.കെ.നായനാർ പിന്നീടു നേരിട്ടു പറഞ്ഞതായും ആത്മകഥയിൽ വെളിപ്പെടുത്തലുണ്ട്.
വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിച്ചതിനാല്‍ മാസങ്ങളോളം ശമ്പളം കിട്ടിയില്ല, അര്‍ഹമായ പദവികൾ നിഷേധിക്കപ്പെട്ടു തുടങ്ങിയ വെളിപ്പെടുത്തലുകളുമുണ്ട്. കെ. കരുണാകരൻ സർക്കാരിന്റെ കാലത്ത് സിവിൽ സപ്ലൈസ് ഡയറക്ടറായിരുന്നു ടിക്കാറാം മീണ. ഗോതമ്പ് തിരിമറിയും കടത്തും പുറത്തു കൊണ്ടുവന്നതോടെ ഭക്ഷ്യമന്ത്രിയായിരുന്ന ടി.എച്ച്. മുസ്തഫ പ്രതികാരബുദ്ധിയോടെ പെരുമാറിയെന്നും മീണ പറയുന്നു. സർവീസ് ബുക്കില്‍ മോശം പരാമര്‍ശം എഴുതിച്ചേർത്തതായും വെളിപ്പെടുത്തലുണ്ട്.