ദില്ലി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്ന കേസിൽ മനുഷ്യാവകാശ പ്രവർത്തക തീസ്ത സെതൽവാദിന്‍റെ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളി. ഉത്തരവ് നടപ്പാക്കുന്നതിന് ഒരു മാസം സാവകാശം നൽകണമെന്ന തീസ്തയുടെ ആവശ്യം തള്ളിയ കോടതി ഉടൻ കീഴടങ്ങാനും ഉത്തരവിട്ടു. കേസിൽ കഴിഞ്ഞ വർഷം ജൂൺ 25നാണ് തീസ്തയെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് സെപ്തംബറിൽ സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം കിട്ടി.
സ്ഥിര ജാമ്യത്തിനുള്ള അപേക്ഷയാണ് ഹൈക്കോടതി ഇപ്പോൾ തള്ളിയത്. 200ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർക്കെതിരെ വ്യാജ രേഖകളും മറ്റും തയ്യാറാക്കി ആരോപണങ്ങൾ ഉന്നയിച്ചു എന്നതാണ് കേസ്. തീസ്ത, ഗുജറാത്ത് മുൻ ഡിജിപി ആർബി ശ്രീകുമാർ, മുൻ ഡിഐജി സഞ്ജീവ് ഭട്ട് എന്നിവരാണ് കേസിലെ പ്രതികൾ. ഗുജറാത്ത് തീവ്രവാദ വിരുധ സേനയാണ് കേസ് അന്വേഷിക്കുന്നത്.
കഴിഞ്ഞ ജൂൺ 25 ന് അഹമ്മദാബാദ് ക്രൈംബ്രാഞ്ചാണ് ടീസ്തയെയും ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തത്. ഗുജറാത്ത് കലാപക്കേസിൽ മോദിയടക്കമുള്ളവർക്ക് പങ്കില്ലെന്ന എസ്ഐടി കണ്ടെത്തൽ സുപ്രീംകോടതി ശരിവച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. കേസിൽ വ്യാജ ആരോപണങ്ങളും തെളിവുകളുമുണ്ടാക്കിയവർക്കെതിരെ ഉചിതമായ നിയമനടപടിയാവാമെന്ന കോടതി നിർദ്ദേശത്തിന് പിന്നാലെയാണ് നടപടിയുണ്ടായത്.
കലാപകാലത്ത് എഡിജിപിയായിരുന്ന ശ്രീകുമാർ നാനാവതി കമ്മീഷന് മുന്നിൽ അന്നത്തെ മോദിസർക്കാരിനെതിരായ തെളിവുകൾ ഹാജരാക്കിയിരുന്നു. നിലവിൽ ജയിലിലുള്ള മുൻ ഡിഐജി സഞ്ജീവ് ഖന്നയാണ് എഫ്ഐആറിലുള്ള മൂന്നാമത്തെ പ്രതി. വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു, തെളിവുകൾ വ്യാജമായി ഉണ്ടാക്കി, മൂവരും ചേർന്ന് ഗൂഢാലോചന നടത്തി എന്നിങ്ങനെയാണ് കുറ്റങ്ങൾ.