ഹൈദരാബാദ്: തെലങ്കാനയിൽ ഇന്നു നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ പല മണ്ഡലങ്ങളിലും ബി.ജെ.പിയെ തോൽപിക്കുന്നതിനായി കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് ഹൈദരാബാദ് എം.പിയും ഓൾ ഇന്ത്യ മജ്‍ലിസേ ഇത്തിഹാദുൽ മുസ്‍ലിമീൻ (എ.ഐ.എം.ഐ.എം) അധ്യക്ഷനുമായ അസദുദ്ദീൻ ഉവൈസി തന്റെ അണികൾക്ക് നിർദേശം നൽകി. ഖിൽവത്തിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവേ ഉവൈസി ഇക്കാര്യം തുറന്നുപറഞ്ഞുവെന്ന് റിപ്പോർട്ട് ചെയ്തു.
ഭാരത രാഷ്ട്ര സമിതി (ബി.ആർ.എസ്) അധ്യക്ഷൻ കെ. ചന്ദ്രശേഖർ റാവുവിനെ പരാമർശിച്ച ഉവൈസി, ഈ തെരഞ്ഞെടുപ്പ് നിങ്ങളെക്കുറിച്ചുള്ളതല്ലെന്നും മോദിയെ അധികാരത്തിൽനിന്ന് പുറത്താക്കാനുള്ളതാണെന്നും വിശദീകരിച്ചു. ‘നിങ്ങൾക്കത് മനസ്സിലാകുന്നില്ലെങ്കിൽ കാര്യങ്ങൾ ഞാൻ വ്യക്തമാക്കിത്തരാം. സെക്കന്തരാബാദിൽ തടിയനെയും (കോൺഗ്രസ് സ്ഥാനാർഥി ദാനം നാഗേന്ദ്ര) നിസാമാബാദിൽ നരച്ച മുടിയുള്ളവനെയും (കോൺഗ്രസ് സ്ഥാനാർഥി ജീവൻ റെഡ്ഡി) ചെവെല്ലയിൽ മെലിഞ്ഞവനെയും (ഡോ. രഞ്ജിത് റെഡ്ഡി) വിജയിപ്പിക്കുക. ഇപ്പറയുന്നത് നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ? മഹബൂബ്‌നഗർ, ചെവെല്ല, സെക്കന്തരാബാദ്, മൽകാജ്ഗിരി, കരിംനഗർ, നിസാമാബാദ്, ആദിലാബാദ് എന്നിവിടങ്ങളിലെ ജനങ്ങളും മജ്‍ലിസ് അണികളും ബി.ജെ.പിയുടെ പരാജയത്തിനായി വോട്ട് ചെയ്യണം’ -ഉവൈസി വിശദീകരിച്ചു.
തെലങ്കാനയിലെ മുസ്‍ലിം കൂട്ടായ്മയായ യുനൈറ്റഡ് മുസ്‍ലിം ഫോറം (യു.എം.എഫ്) ഹൈദരാബാദ് മണ്ഡലത്തിൽ അഞ്ചാം തവണയും മത്സരിക്കുന്ന അസദുദ്ദീൻ ഉവൈസിയെയും ബാക്കി 16 മണ്ഡലങ്ങളിൽ കോൺഗ്രസിനെയും പിന്തുണക്കണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്. ദേശീയ പാർട്ടിയെന്ന നിലയിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ വർഗീയ ശക്തികളെ പ്രതിരോധിക്കാനായാണ് കോൺഗ്രസിനെ പിന്തുണക്കുന്നതെന്ന് യു.എം.എഫ് നേതൃത്വം വിശദീകരിച്ചിരുന്നു. നാലാം ഘട്ടമായ ഇന്നാണ് തെലങ്കാന ബൂത്തിലെത്തിയത്.
കഴിഞ്ഞ തവണ ഒമ്പതു മണ്ഡലങ്ങളിൽ ബി.ആർ.എസ് ആണ് വിജയം നേടിയത്. ബി.ജെ.പി നാലു സീറ്റിൽ വിജയം നേടിയപ്പോൾ കോൺഗ്രസ് മൂന്നു സീറ്റിൽ വിജയിച്ചു. ഹൈദരാബാദ് സീറ്റിൽ എ.ഐ.എം.ഐ.എമ്മും. ഇക്കുറി സംസ്ഥാനത്ത് കോൺഗ്രസ് ഏറെ നേട്ടം കൊയ്യുമെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്.