ഹൈദരാബാദ്: തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാൻ വൈ.എസ്. ശർമിള നയിക്കുന്ന വൈ.എസ്.ആർ തെലങ്കാന പാർട്ടിയുടെ തീരുമാനം. കോൺഗ്രസുമായി ലയിക്കാൻ പോവുകയാണെന്ന റിപ്പോർട്ടുകൾ ശർമിള തള്ളി. മത്സരിക്കുന്ന സീറ്റുകൾ സംബന്ധിച്ചും തെരഞ്ഞെടുപ്പ് തന്ത്രങ്ങളെകുറിച്ചുമുള്ള ചർച്ചകൾക്കായി ശർമിള ഹൈദരാബാദിൽ പാർട്ടി നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. 119 നിയമസഭ തെരഞ്ഞെടുപ്പിൽ 100 എണ്ണത്തിൽ മത്സരിക്കാനാണ് പാർട്ടിയുടെ തീരുമാനം. അന്തരിച്ച ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകളാണ് ശർമിള. ആന്ധ്രപ്രദേശ് വിഭജിക്കുന്നതിന് മുമ്പായിരുന്നു അദ്ദേഹം മുഖ്യമന്ത്രിപദത്തിലിരുന്നത്.
നിലവിൽ പലേരു,മിര്യലഗുഡ സീറ്റുകളിൽ നിന്ന് ജനവിധി തേടാനാണ് ശർമയുടെ ലക്ഷ്യമിടുന്നത്. അവരുടെ അമ്മ വൈ.എസ് വിജയമ്മയും സെക്കൻഡരാബാദിൽ നിന്ന് മത്സരിക്കും. ആന്ധ്രപ്രദേശിൽ ശർമിളയുടെ സഹോദരൻ ജഗൻ മോഹൻ റെഡ്ഡിയാണ് മുഖ്യമന്ത്രി. ആന്ധ്രപ്രദേശിൽ ശർമിള പാർട്ടിയെ നയിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തെലങ്കാനയിൽ ശക്തമായ രാഷ്ട്രീയ കരിയർ കെട്ടിപ്പടുത്തിട്ട് മാത്രമേ ആന്ധ്രയിലേക്കുള്ളൂ എന്നാണ് ശർമിളയുടെ നിലപാട്. അതിനാൽ കോൺഗ്രസുമായുള്ള സഖ്യം തള്ളുകയായിരുന്നു. തെലങ്കാന രാഷ്ട്രീയത്തിൽ സജീവമാകാൻ ആഗ്രഹമില്ലാത്ത സഹോദരനെ പോലെയല്ല, ശർമിള. 2021ലാണ് അവർ വൈ.എസ്.ആർ.ടി.പി രൂപീകരിച്ചത്. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ കടുത്ത വിമർശകയായ അവർ സംസ്ഥാനത്ത് പദയാത്ര നടത്തുകയും ചെയ്തു.
കർണാടകയിൽ കോൺഗ്രസിന്റെ തിളക്കമാർന്ന വിജയത്തിനുപിന്നാലെ, ഇക്കഴിഞ്ഞ മേയിലാണ് വൈ.എസ്.ആർ.ടി.പിയും കോൺഗ്രസും ഒന്നിക്കുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും ശർമിള കൂടിക്കാഴ്ച നടത്തിയിരുന്നു. ലയനത്തിന് പകരം 15നിയമസഭ സീറ്റുകൾ നൽകണമെന്നായിരുന്നു ആവശ്യം. ശർമിളയെ എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി നിയമിക്കുമെന്നും റിപ്പോർട്ടുകളുണ്ടായി. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായും ശർമിള നിരവധി കൂടിക്കാഴ്ചകൾ നടത്തി. വൈ.എസ്.ആർ കുടുംബത്തിന് ശിവകുമാറുമായി അടുത്ത ബന്ധമാണുള്ളത്. കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായും ശർമിള സംസാരിച്ചു. എന്നാൽ അതിനപ്പുറം ലയന ചർച്ചകൾക്ക് പുരോഗതിയുണ്ടായില്ല.
–
തെലങ്കാന കോൺഗ്രസ് പ്രസിഡന്റ് എ. രേവനാഥ് റെഡ്ഡിക്ക് സംസ്ഥാനത്തെ ശർമിളയുടെ ഇടപെടലിനോട് താൽപര്യമുണ്ടായിരുന്നില്ല. പകരം ശർമിളയെ ആന്ധ്രപ്രദേശിലേക്ക് അയക്കണമെന്നായിരുന്നു റെഡ്ഡിയുടെ നിർദേശം. അതേസമയം, തെലങ്കാനയിൽ വൈ.എസ്.ആർ.ടി.പിയുമായി ലയിക്കുന്നതിനോട് നിരവധി കോൺഗ്രസ് നേതാക്കൾക്ക് അനുകൂല സമീപനമായിരുന്നു. വൈ.എസ്.ആർ കുടുംബത്തോടുള്ള തെലങ്കാന ജനതയുടെ സ്നേഹം വോട്ടായി പെട്ടിയിലെത്തുമെന്നായിരുന്നു അവരുടെ വിശ്വാസം.