ന്യൂഡൽഹി∙ ഭീകരപ്രവർത്തനങ്ങൾക്ക് പണം നൽകുന്നത് ഭീകരപ്രവർത്തനത്തേക്കാൾ ഗുരുതരമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭീകരപ്രവർത്തനത്തെ ഒരു മതവുമായും ബന്ധപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
‘‘ഭീകരവാദികൾ അക്രമമുണ്ടാക്കാൻ പുതിയ വഴികൾ കണ്ടെത്തുകയാണ്. യുവാക്കളെ ഇത്തരം പ്രവർത്തനങ്ങളിലേക്ക് കൊണ്ടുചെന്നെത്തിക്കുകയാണ്. ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഭീകരവാദം ഭീഷണിയാണ്. ഭീകരപ്രവർത്തനത്തിന് പണം ചെലവഴിക്കുന്നത് രാജ്യത്തിന്റെ സാമ്പദ്‌വ്യവസ്ഥയെ അസ്ഥിരപ്പെടുത്തും. ഭീകരതയ്ക്കെതിരെ പോരാടുന്നതിന് സുരക്ഷാ സംവിധാനങ്ങളും നിയമവശങ്ങളും സാമ്പത്തിക നയങ്ങളും കൂടുതൽ ശക്തിപ്പെടുത്തി.
‘‘ഭീകരതയ്ക്കെതിരെ പോരാടുന്നതിന് ചില രാജ്യങ്ങൾ വിമുഖത കാണിക്കുകയാണ്. ഭീകരർക്ക് സംരക്ഷണവും ഉറപ്പുവരുത്തുന്നു. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ് ഭീകരർക്ക് സുരക്ഷ നൽകുന്നത്. എന്നാൽ ഇത്തരം ലക്ഷ്യങ്ങൾ ഫലം കാണാതിരിക്കുന്നതിന് കൂട്ടായ ഉത്തരവാദിത്വം ആവശ്യമാണെന്നും അമിത് ഷാ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.