കണ്ണൂര്‍ : തലശ്ശേരി അതിരൂപതയുടെ അധ്യക്ഷനായി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി സ്ഥാനമേറ്റു. ചടങ്ങുകൾക്ക് സിറോ – മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രധാന കാർമികത്വം വഹിച്ചു. തലശ്ശേരി സെന്റ് ജോസഫ്സ് കത്തീഡ്രലിലായിരുന്നു സ്ഥാനാരോഹണം.
മാർ ജോസഫ് പാംപ്ലാനിയെ തലശേരി അതിരൂപത അധ്യക്ഷനായി നിയമിച്ചുകൊണ്ടുള്ള സിറോ മലബാർ സഭ അധ്യക്ഷന്റെ നിയമന പത്രിക തലശ്ശേരി അതിരൂപത ചാൻസിലർ ഡോ. തോമസ് തെങ്ങുംപള്ളിൽ വായിച്ചു. നിയമ പത്രിക മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേര, ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയ്ക്ക് കൈമാറി.
സിറോ- മലങ്കര സഭയുടെ മേജർ ആർച്ച് ബിഷപ് കർദിനാൾ ബസേലീയോസ് ക്ലീമിസ് കാതോലിക്കാ ബാവ വചനസന്ദേശം നൽകി. പൊതുസമ്മേളനം ഭാരത കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്റ് കർദിനാൾ ഓസ്‌വാൾസ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിന് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ലിയോപോൾദോ ജിറേല്ലിയായിരുന്നു മുഖ്യാതിഥി. കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി.മുരളീധരൻ, മന്ത്രിമാരായ എം.വി.ഗോവിന്ദൻ, റോഷി അഗസ്റ്റിൻ, കൊച്ചി രൂപത അധ്യക്ഷൻ ബിഷപ് മാർ ജോസഫ് കരിയിൽ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.