തിരുവനന്തപുരം: കേരളത്തെ അക്ഷരാർത്ഥത്തിൽ ഉദ്യോഗ മുനയിൽ നിർത്തുന്ന തെരഞ്ഞെടുപ്പായി തലസ്ഥാന മണ്ഡലം മാറുന്നു. അവസാന റൗണ്ടിൽ കുതിച്ചെത്തിയ ശശി തരൂർ ലീഡ് തിരികെ പിടിച്ചു എന്നതാണ് ഏറ്റവും പുതിയ വാർത്ത. ഒരു ഘട്ടത്തിൽ 23000 ത്തിലേറെ വോട്ടിന് മുന്നേറിയ രാജീവ് ചന്ദ്രശേഖറിനെ തീരദേശ വോട്ടിന്‍റെ കരുത്തിലാണ് തരൂർ പിന്നിലാക്കിയത്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ 9766 വോട്ടിനാണ് മുന്നിട്ടുനിൽക്കുന്നത്.
ഓരോ ഘട്ടത്തിലും വോട്ട് നില മാറി മറിയുന്ന സ്ഥിതിയാണ് തിരുവനന്തപുരത്ത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന് മുന്നിലെത്താൻ സാധിച്ചിരുന്നു. എന്നാല്‍, ഇവിഎമ്മിലെ വോട്ട് എണ്ണി തുടങ്ങിയപ്പോള്‍ ശശി തരൂര്‍ മുന്നിലേക്ക് പോയി. പക്ഷേ, ലീഡ് നില കുത്തനെ ഉയര്‍ത്താൻ ശശി തരൂരിന് ആദ്യഘട്ടത്തിൽ സാധിച്ചില്ല. പിന്നീട് രാജീവ് ചന്ദ്രശേഖറിന്‍റെ മുന്നേറ്റമാണ് കണ്ടത്. 23000 വരെ ലീഡ് ഉയര്‍ത്താൻ രാജീവ് ചന്ദ്രശേഖറിന് കഴിഞ്ഞിരുന്നു. എന്നാൽ അവസാന റൗണ്ടിലെത്തിയപ്പോൾ തരൂർ കുതിച്ചെത്തി ലീഡ് പിടിച്ചെടുക്കുകയായിരുന്നു. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പന്ന്യൻ രവീന്ദ്രന് ഒരു ഘട്ടത്തില്‍ രണ്ടാം സ്ഥാനത്ത് എത്താൻ കഴിഞ്ഞത് ഒഴിച്ചാല്‍ ശശി തരൂരും രാജീവ് ചന്ദ്രശേഖറും തമ്മിലാണ് മത്സരം നടക്കുന്നത്.