ഡെറാഡൂൺ: ഹൽദ്വാനിയിൽ മദ്രസ പൊളിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടെന്ന് കരുതിയ യുവാവിന്റെ മരണത്തിൽ ട്വിസ്റ്റ്. യുവാവിനെ മറ്റൊരിടത്തു വെച്ച് കൊന്ന ശേഷം മൃതദേഹം സംഘർഷ സ്ഥലത്ത് കൊണ്ടുവന്നിട്ടതാണെന്ന് കണ്ടെത്തി. ഒരു പൊലീസ് ഉദ്യോഗസ്ഥൻ തന്നെയാണ് ഇതിന് പിന്നിൽ പ്രധാന പങ്കുവഹിച്ചതെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഇയാൾ അറസ്റ്റിലായി.ബിഹാറിലെ ഭോജ്പുർ ജില്ലയിലുള്ള സിൻഹ ഗ്രാമവാസിയായ പ്രാകാശ് കുമാർ (25) എന്നയാളാണ് കൊല്ലപ്പെട്ടത്. ബിഹാർ പൊലീസിലെ കോൺസ്റ്റബിളായ ബിരേന്ദ്ര സിങാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തി. ഇയാളുടെ ഭാര്യയുമായി പ്രകാശിനുണ്ടായിരുന്ന അവിഹിത ബന്ധവും ആ സമയത്ത് ചിത്രീകരിച്ച വീഡിയോ ഉപയോഗിച്ച് ബ്ലാക് മെയിൽ ചെയ്തതുമാണത്രെ കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകത്തിന് ഭാര്യയും ഭാര്യയുടെ സഹോദരനും ഉള്‍പ്പെടെ നാല് പേരുടെ സഹായവും ഇയാൾക്ക് കിട്ടിയെന്ന് നൈനിറ്റാൾ എസ്.എസ്.പി പ്രഹ്ളാദ് മീണ പറഞ്ഞു.
പ്രകാശിന്റെ ശരീരത്തിൽ നിന്ന് ലഭിച്ച മൊബൈൽ ഫോണിലെ കോൾ ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ്, പൊലീസ് കോണ്‍സ്റ്റബിളിന്റെ ഭാര്യാ സഹോദരനുമായി ഇയാൾ സ്ഥിരം ബന്ധപ്പെടാറുണ്ടെന്ന് കണ്ടെത്തിയത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. രണ്ട് വർഷമായി തനിക്ക് പ്രകാശിനെ അറിയാമായിരുന്നുവെന്നും അടുത്ത സുഹൃത്തായിരുന്നതിനാൽ വീട്ടിലെ നിത്യ സന്ദർശകനായിരുന്നുവെന്നും ഇയാൾ പറഞ്ഞു. ഈ അടുപ്പം മുതലാക്കി ഇയാൾ തന്റെ സഹോദരി പ്രിയങ്കയുമായി അടുത്തു. അവരുമായി അവിഹിത ബന്ധമുണ്ടാക്കി. ഇരുവരും ഒരുമിച്ചുള്ള സമയത്തെ വീഡിയോ ചിത്രീകരിച്ച് അത് ഉപയോഗിച്ച് പിന്നീട് ബ്ലാക് മെയിൽ ചെയ്യാൻ തുടങ്ങി. പണം ആവശ്യപ്പെട്ടായിരുന്നു ഇത്.
ഫെബ്രുവരി ഏഴാം തീയ്യതി വരെ പ്രിയങ്ക ഇക്കാര്യം ആരോടും പറഞ്ഞില്ല. പിന്നീട് പ്രകാശ് തന്നെ പ്രിയങ്കയുടെ ഭര്‍ത്താവും പൊലീസ് കോൺസ്റ്റബിളുമായ ബിരേന്ദ്ര സിങിനെ വിളിച്ചതോടെയാണ് അയാളും വീഡിയോയെപ്പറ്റി അറിഞ്ഞത്. കാര്യങ്ങള്‍ മനസിലാക്കിയതോടെ ബിരേന്ദ്ര സിങ് പ്രിയങ്കയോട് പ്രകാശിനെ വിളിച്ചുവരുത്താൻ നിർദേശിച്ചു. ഇയാൾ എത്തിയപ്പോൾ വീഡിയോ വെച്ച് ചോദ്യം ചെയ്തു. പിന്നീട് നേരത്തെ പദ്ധതിയിട്ടതു പ്രകാരം ഇയാളെ കൊല്ലുകയും ചെയ്തു. ബിരേന്ദ്ര സിങിന് പുറമെ ഭാര്യയും ഭാര്യയുടെ സഹോദരനും, പ്രേം സിങ്, നഇം ഖാൻ എന്നിവരും കൊലപാതകത്തിൽ പങ്കെടുത്തു.
പിന്നീട് ബൻഭൂൽ പ്രദേശത്ത് കൊണ്ടുപോയി മൃതദേഹം നിക്ഷേപിക്കുകയും ഹൽദ്വാനിയിൽ നടക്കുന്ന സംഘർഷത്തിൽ മരിച്ചതാണെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്തു. സംഭവങ്ങളുടെ ചുരുളഴിഞ്ഞതോടെ ബിരേന്ദ്ര സിങിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രിയങ്ക ഒളിവിലാണ്. സംഘത്തിലെ എല്ലാവര്‍ക്കുമെതിരെ ഐപിസി 302 പ്രകാരം കൊലക്കുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചു.