ന്യൂയോർക്ക്: 87കാരിയെ അപകടകരമായ രീതിയില്‍ തള്ളിയിട്ട യുവതിക്ക് 8.5 വര്‍ഷം തടവ് ശിക്ഷ. യുവതി തള്ളിയിട്ട 87കാരിക്ക് വീഴ്ചയിലുണ്ടായ പരുക്കിനെ തുടര്‍ന്ന് ഹെമറേജ് സംഭവിക്കുകയും ചികിത്സയില്‍ കഴിയുന്നതിനിടെ മരിക്കുകയും ചെയ്തതോടെയാണ് കോടതി നടപടി. അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് സംഭവം. ലോറന്‍ പാസിയേന്‍സാ എന്ന യുവതിയാണ് 87കാരിയായ ബാര്‍ബറ ഗുസ്റ്റേണിനെ 2022 മാര്‍ച്ച് 10ന് തള്ളിയിട്ടത്.തെരുവില്‍ വച്ചുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് യുവതി 87കാരിയെ തള്ളിയിട്ടത്. വൃദ്ധ നിലത്ത് വീണ് പരിക്കേറ്റെന്ന് വ്യക്തമായതോടെ സംഭവ സ്ഥലത്ത് നിന്ന് മുങ്ങിയ യുവതിയെ മൂന്ന് ആഴ്ചയോളം നീണ്ട തെരച്ചിലിനൊടുവിലാണ് കണ്ടെത്തി അറസ്റ്റ് ചെയ്യുന്നത്. ലോംഗ് ഐസ്ലന്‍ഡിലെ കുടുംബ വീട്ടില്‍ നിന്നാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
പരിക്കേറ്റ 87കാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ഇവര്‍ അബോധാവസ്ഥയിലാവുകയായിരുന്നു. അഞ്ച് ദിവസത്തോളം അബോധാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞ ശേഷമാണ് ഇവര്‍ മരണത്തിന് കീഴടങ്ങുന്നത്. ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റമാണ് യുവതിക്കെതിരെ ചുമത്തിയിട്ടുള്ളത്. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം അഞ്ച് വര്‍ഷം യുവതി പൊലീസ് നിരീക്ഷണത്തിലായിരിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. 87കാരിയുടെ കുടുംബത്തിന് ഉണ്ടായ നഷ്ടം ശിക്ഷ മൂലം പരിഹരിക്കപ്പെടുന്നില്ലെങ്കിലും നീതി ലഭ്യമായെന്ന തോന്നല്‍ ഉറ്റവരില്‍ സൃഷ്ടിക്കാന്‍ കോടതി വിധിക്ക് സാധിക്കുമെന്ന നിരീക്ഷണത്തോടെയാണ് മാന്‍ഹാട്ടണിലെ കോടതിയുടെ തീരുമാനം.